
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിഷ്ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ജി.പി.എസ് ഘടിപ്പിച്ച വാഹനം വഴി മാത്രമായിരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. മാലിന്യങ്ങൾ ജലാശയങ്ങളിൽ ഉൾപ്പെടെ എത്തുന്നത് തടയാനാണിത്. രണ്ടു മാസത്തിനിടെ ഇത്തരത്തിൽ 1627 ടൺ നിഷ്‌ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്‌തു. ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് 49 നഗരസഭകൾ ഉൾപ്പെടെ 813 തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾ വഴി ശേഖരിച്ച പാഴ്‌വസ്തുക്കളുടെ മൂല്യം കണക്കാക്കി തരം തിരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്ക് പരിശീലനം നൽകി. ഇതുവഴി 3502 പാഴ്‌വസ്തുക്കൾ ശേഖരിച്ചു. 1.99 കോടി രൂപ പ്രതിഫലമായി നൽകി. സംസ്ഥാനത്ത് 2783 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ചതിൽ 2508 ടണ്ണും 4567 കി.മി റോഡ് നിർമ്മാണത്തിനായി വിനിയോഗിച്ചു. കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർകോട് പടന്ന എന്നിവിടങ്ങളിലെ ക്യാമ്പസുകളിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.