ndd

നെടുമങ്ങാട്: കർഷക അവാർഡുകളുടെ നിറവിൽ നെടുമങ്ങാട് ഗവ. ടൗൺ യു.പി.എസ്. ജൈവ പച്ചക്കറി കൃഷിയിലൂടെ താലൂക്കിലെ തന്നെ ശ്രദ്ധ നേടിയ സ്കൂളാണിത്. സംസ്ഥാന സർക്കാർ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും പൊതു സ്ഥാപനങ്ങളിലെ കൃഷി പരിപോഷിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ ക്യാഷ്‌പ്രൈസ് ഉൾപ്പടെ ജില്ലാതല മൂന്ന് കർഷക അവാർഡാണിപ്പോൾ സ്കൂളിന് ലഭിച്ചിരിക്കുന്നത്.

മികച്ച കർഷക അദ്ധ്യാപകനായി എ. സുധീറും ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക ഹെഡ്‌മാസ്റ്ററായി എസ്. ജയകുമാർ എന്നിവർക്ക് അവാർഡ് ലഭിച്ചു. ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയമായി നെടുമങ്ങാട് ടൗൺ യു.പി.എസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജൈവ പച്ചക്കറി കൃഷിയ്ക്കാണ് സ്കൂളിൽ പ്രാധാന്യം നൽകിയതെന്ന് ഹെഡ്മാസ്റ്റർ എസ്. ജയകുമാറും പി.ടി.എ പ്രസിഡന്റ് കെ.എസ്. ഉദയകുമാറും പറയുന്നു. രണ്ടരയേക്കറോളം സ്ഥമുള്ള സ്കൂളിൽ അരയേക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. സ്കൂളിലെ തരിശു സ്ഥലങ്ങൾ പൂർണ്ണമായും വിനിയോഗിച്ചു.

പച്ചക്കറികളായ പാവൽ, വെണ്ട,പടവലം,വഴുതന,പയർ,കത്തിരി,കാബേജ് എന്നിവയും വിവിധയിനം വാഴകളായ റോബസ്റ്റ,പാളയംതോടൻ.രസകദളി,ഏത്തൻ എന്നിവയെല്ലാം സ്കൂളിലെ കൃഷിയിടത്തിലുണ്ട്. കൊവിഡ് ബാധിച്ച് സ്കൂൾ അടച്ചിരുന്നപ്പോഴാണ് സ്കൂളിൽ സർക്കാർ നിർദ്ദേശപ്രകാരം കൃഷി തുടങ്ങുന്നത്. കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ വിളവെടുക്കാറായ ജൈവ പച്ചക്കറി കുട്ടികൾക്ക് തന്നെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം. വാഴപ്പഴമായും കറിയായും കുട്ടികൾക്ക് നൽകാവുന്ന സ്ഥിതിയിലാണ്.

സ്കൂളുകളിലെ കൃഷിയ്ക്കായി കൃഷി ഭവനുകൾ ഓരോ സ്കൂളിനും 4000രൂപയും വിത്തിനങ്ങളും നൽകി. എന്നാൽ സ്കൂളിലെ നല്ല കൃഷിയ്ക്കായി കാർഷിക കോളേജിലെ വിത്തിനങ്ങളും തൈകളും വാങ്ങി ശാത്രീയമായ രീതിയിലാണ് ഇവിടെ ജൈവ കൃഷി നടത്തിയത്. സ്കൂൾ ഇല്ലാതിരുന്ന സമയത്തും എല്ലാ ദിവസവും സ്കൂളിലെത്തുന്ന ഹെഡാമാസ്റ്റർ എസ്.ജയകുമാറും പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാറും അദ്ധ്യാപകരുമാണ് തൈകൾ നട്ടതും വാഴകൃഷി ചെയ്തതും. സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച ഒന്നാമത്തെ കർഷക ഹെഡ്മാസ്റ്ററായി മുൻപും എസ്. ജയകുമാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.