
തിരുവനന്തപുരം: ഗവർണർ പറഞ്ഞതു കൊണ്ട് മാത്രം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുള്ള പെൻഷൻ സർക്കാർ നിറുത്തലാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പെൻഷൻ കാര്യം തീരുമാനിക്കേണ്ടത് ഗവർണറല്ല, സർക്കാരാണ്. ശരിയല്ലാത്തത് അദ്ദേഹം പറഞ്ഞാലും ശരിയല്ലെന്ന് പറയും. ഒരു മാസം കഴിയുമ്പോൾ നടപടി കാണാമെന്ന് ഗവർണർ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ, ഒരു മാസം വരെ നമുക്കും നോക്കാമല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഗവർണറും സർക്കാരും തമ്മിലൊരു സംഘർഷം പാർട്ടി ആഗ്രഹിക്കുന്നില്ല.ഭരണഘടനാനുസൃതമായി ഗവർണർക്കുള്ള അവകാശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാണ്. അതിൽ നിന്ന് വ്യത്യസ്തമായി പറഞ്ഞാലൊന്നും അംഗീകരിക്കില്ല. ഗവർണർക്ക് സർക്കാരിനോട് അഭിപ്രായങ്ങൾ ചോദിക്കാനവകാശമുണ്ട്. വസ്തുതകൾ മനസ്സിലാക്കാനാണ് ചോദിച്ചതെങ്കിൽ തെറ്റില്ല. 1984ലെ യു.ഡി.എഫ് ഭരണകാലം മുതലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തിയത്. മാറിമാറി വന്ന എല്ലാ സർക്കാരുകളും അംഗീകരിച്ച നയമാണത്.