തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന് മുകളിൽ സ്ളാബ് ഇട്ട് മൂടി റോഡ് വീതി കൂട്ടുന്നത് വിവാദത്തിൽ. തോടിന് മുകളിൽ കൂടി നിയമം ലംഘിച്ച് സ്ളാബിടാൻ ഉദ്യോഗസ്ഥരും ചിലരും പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സ്ളാബിടുന്നത് സംബന്ധിച്ച് മന്ത്രിമാരായ ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം 24ന് ചേരും. വഞ്ചിയൂർ കോടതിക്ക് മുൻവശം മുതൽ സെൻട്രൽ മാളിന്റെ മുൻവശം വരെയുള്ള തോടാണ് റോഡിനുവേണ്ടി സ്ളാബിട്ട് മൂടുന്നത്.
ഒഴുകുന്ന തോടുകൾ, ചാലുകൾ, ഡ്രെയിനേജുകൾ എന്നിവ മൂടാനോ, ചുരുക്കാനോ, നികത്താനോ പാടില്ലെന്ന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നീക്കമെന്നാണ് ആരോപണം. തോട് മൂടി സ്ളാബിട്ട് റോഡാക്കുന്നതോടെ നിലവിലെ വഞ്ചിയൂർ - പാറ്റൂർ മെയിൻ റോഡ്, വഞ്ചിയൂർ - അമ്പലത്തുമുക്ക് - പള്ളിമുക്ക് റോഡ് എന്നിവയേക്കാളും വീതിയുള്ള റോഡായി ഇത് മാറും. ആദ്യ ഘട്ടത്തിൽ 700 മീറ്റർ ഭാഗമാണ് സ്ലാബിട്ട് മൂടുന്നത്. രണ്ടാം ഘട്ടമെന്ന നിലയിൽ ഈ റോഡിന്റെ മറുവശം മുതൽ കണ്ണമ്മൂല പാലം വരെയുള്ള തോടിന്റെ ഭാഗം സ്ളാബിട്ട് മൂടും.
കോടികൾ മുടക്കി വൃത്തിയാക്കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വഞ്ചിയൂർ വാർഡിലെ തോടിന്റെ ഭാഗങ്ങൾ സ്ലാബിട്ട് മൂടാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് പ്രത്യേക പദ്ധതിയായാണ് ഇതിന് അംഗീകാരം നൽകിയത്. 24 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ തോടിന് കേടുപാടുണ്ടാകില്ലെന്ന് മുൻ കൗൺസിലർ വഞ്ചിയൂർ ബാബു പറഞ്ഞു. റോഡിന് വീതി കൂട്ടുന്നത് വികസനത്തിന്റെ ഭാഗമായാണ്. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലമായതുകൊണ്ടാണ് സ്ളാബിട്ട് മൂടുന്നതെന്നും തോട് സംരക്ഷിച്ചുള്ള പ്രവർത്തനം മാത്രമേ നടത്തുന്നുള്ളുവെന്നും വഞ്ചിയൂർ ബാബു പറഞ്ഞു.