
തിരുവനന്തപുരം: ഭരണഘടനാലംഘനവും ചാൻസലർ പദവിയിലും ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിലും വീഴ്ചകളും കണ്ടെത്തിയാൽ ഗവർണറെ പുറത്താക്കാൻ നിയമസഭയ്‌ക്ക് അധികാരം നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരങ്ങളെക്കുറിച്ചുമുള്ള ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകൾക്ക് മറുപടിയായി കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ച നിർദ്ദേശങ്ങളിലാണ് ഇക്കാര്യം. നിയമസെക്രട്ടറിയുടെ നിർദ്ദേശങ്ങൾ ഭേദഗതിയോടെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഗവർണർക്ക് ഭരണഘടനാദത്തമായ അധികാരങ്ങൾ മതിയെന്നും ചാൻസലർ അടക്കമുള്ള സ്റ്റാറ്റ്യൂട്ടറി പദവികൾ വേണ്ടെന്നും ഉൾപ്പെടെ കമ്മിഷന്റെ ചില നിർദ്ദേശങ്ങൾ കേരളകൗമുദിയും മറ്റ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
കമ്മിഷൻ പറഞ്ഞതും സർക്കാരിന്റെ അഭിപ്രായങ്ങളും:
കമ്മിഷൻ: 35 വയസ് പൂർത്തിയായ ആരെയും ഗവർണറാക്കാം.
സർക്കാർ: ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്ന ആളാവണം. സജീവ രാഷ്ട്രീയക്കാരനെന്നത് പദവിക്ക് തടസമാകരുത്.
കമ്മിഷൻ: ഗവർണർ തുടരുന്നത് രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച്. ആവശ്യമെങ്കിൽ ഗവർണറെ നീക്കാൻ നിയമം വേണം. പ്രതിരോധിക്കാൻ ഗവർണർക്കും അവസരമുണ്ടാകണം.
സർക്കാർ: ഗവർണറെ തിരിച്ചുവിളിക്കാൻ അവസരമുണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ഇതിന് ഭരണഘടനാഭേദഗതി വേണം.
കമ്മിഷൻ: ഭരണഘടനാലംഘനമുണ്ടായാൽ ഗവർണറെ ഇംപീച്ച് ചെയ്യാനാവണം.
സർക്കാർ: ഭരണഘടനാലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ ഗവർണറെ പുറത്താക്കാൻ നിയമസഭയ്‌ക്ക് അധികാരം വേണം.
കമ്മിഷൻ: ഭരണഘടനാ ചുമതലകളൊഴികെ മന്ത്രിസഭാ നിർദ്ദേശമനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. ചില കാര്യങ്ങളിൽ സർക്കാരുമായി സംഘർഷമുണ്ടാക്കാതെ വിവേചനാധികാരം പ്രയോഗിക്കാൻ ഗവർണർക്കാകണം.
സർക്കാർ: ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സർക്കാർ അയയ്‌ക്കുന്ന ബില്ലുകളിൽ കാലതാമസം വരാതെ തീരുമാനം ഉണ്ടാകണം.
കമ്മിഷൻ: പ്രോസിക്യൂഷൻ അനുമതിക്ക് ഗവർണർ സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കണം.
സർക്കാർ: എതിർക്കുന്നു. മന്ത്രിസഭയാണ് പരമാധികാരി.
കമ്മിഷൻ: ക്രമസമാധാന പ്രശ്നമുണ്ടായാൽ കേന്ദ്രസേനയെ വിന്യസിക്കാൻ സംസ്ഥാനവുമായി ആലോചിക്കണം.
സർക്കാർ: സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണം.
കമ്മിഷൻ: ഭരണഘടനയുടെ 356ാം അനുച്ഛേദമനുസരിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടും മുമ്പ് ഏഴ് ദിവസത്തെ സാവകാശം നൽകണം.
സർക്കാർ: പിരിച്ചുവിടാനുള്ള പ്രമേയം കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന് വോട്ടിംഗിലൂടെ ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനിക്കണം.
കമ്മിഷൻ: രാജ്യസഭാ സീറ്റുകൾ ജനസംഖ്യാടിസ്ഥാനത്തിൽ അല്ലാതെ തുല്യമായി നിശ്ചയിക്കണം.
സർക്കാർ: വിയോജിക്കുന്നു. മറ്റ് രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തി തീരുമാനിക്കാം.
കമ്മിഷൻ: ഒരു സംസ്ഥാനത്തെ പൗരന്മാർക്ക് ആ സംസ്ഥാനത്ത് നിന്ന് മാത്രമേ രാജ്യസഭയിലെത്താനാകൂ.
സർക്കാർ: യോജിക്കുന്നില്ല.
കമ്മിഷൻ: ഭരണഘടനയുടെ 253ാം വകുപ്പനുസരിച്ച് കേന്ദ്രസർക്കാർ അന്താരാഷ്ട്ര കരാർ ഒപ്പിടും മുമ്പ് സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തണം.
സംസ്ഥാനം: രാഷ്ട്രപതി മുഖേന സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. നിയമസഭ അംഗീകരിക്കണം.
ചാൻസലറാക്കണ്ട:പൂഞ്ചി കമ്മിഷൻ
കമ്മിഷൻ: മറ്റ് ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് ഇരുത്തേണ്ട.
സർക്കാർ: യോജിക്കുന്നു. സർവകലാശാലകൾ സംസ്ഥാന വിഷയം.