
തിരുവനന്തപുരം:ശ്രീനാരായണഗുരു വിപ്ലവകാരിയായ സന്യാസിയായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ശ്രീനാരായണഗുരു ദേവൻ ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 134-ാമത് പ്രതിഷ്‌ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക കേരളത്തിന്റെ ശിലാസ്ഥാപനമാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയത്. ആധുനിക കേരളത്തിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചതും ഗുരുവാണ്. പ്രവർത്തനങ്ങളെ നിരന്തരം പുതുക്കിയിരുന്ന ഗുരു ജനങ്ങളെ ഉണർത്താനുളള ഉപാധിയായാണ് വിഗ്രഹ പ്രതിഷ്‌ഠയെ കണ്ടത്. ആചാരം ലംഘിക്കാനുളളതാണെന്ന് തെളിയിച്ചയാളാണ് ഗുരു. സംവാദാത്മകതയാണ് ഗുരുവിന്റെ പ്രത്യേകത. മാനവികതയുടെ ഏറ്റവും ശക്തനായ വക്താവായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖത്തിൽ എഴുതിവച്ചിരിക്കുന്നത് ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുന്നേ പറഞ്ഞ കാര്യങ്ങളാണെന്നും രാജേഷ് പറഞ്ഞു.
അരുവിപ്പുറത്തെപ്പറ്റി പുതുതലമുറയ്‌ക്ക് പഠിക്കാൻ കേരളത്തിൽ ആവശ്യമായ സംവിധാനമില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.പാഠഭാഗങ്ങളിൽ ഗൗരവത്തോടെ ഗുരുദർശനം ഉൾപ്പെടുത്താൻ മാറി വരുന്ന സർക്കാരുകൾക്കോ കരിക്കുലം കമ്മിറ്റികൾക്കോ സാധിച്ചിട്ടില്ലെ അദ്ദേഹം പറഞ്ഞു.
നവോത്ഥാന ചരിത്രത്തിലെ തെളിച്ചമുളള ഏടാണ് അരുവിപ്പുറം പ്രതിഷ്‌ഠയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നവോത്ഥാന വഴികളിൽ കാലിടറുമ്പോൾ കേരളത്തെ വഴിതെറ്റാതെ നയിക്കുന്നത് ഗുരു സൂക്തങ്ങളാണ്. ശ്രീനാരായണഗുരുവിനെപ്പറ്റി കൂടുതൽ ആഴത്തിൽ പാഠഭാഗങ്ങൾ ക്രമീകരിക്കുന്ന കാര്യം പുതിയ കരിക്കുലം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണഗുരുവിന്റെ വചനങ്ങൾ എക്കാലവും പ്രസക്തമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ്, കെ.ആൻസലൻ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു, ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുത്തു.