
പാറശാല: പാറശാല പഞ്ചായത്തിലെ ഏക കുടിവെള്ള പദ്ധതിയായ വണ്ടിച്ചിറ വാട്ടർ സപ്ലൈ സ്കീമിന് സമീപത്തായി പാറശാല ഗ്രാമ പഞ്ചായത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും പാറശാലയിൽ വിതരണത്തിന് വേണ്ട ശുദ്ധജലം പലപ്പോഴും ലഭിക്കാറില്ല. ഒപ്പം അടിക്കടി പൈപ്പ് പൊട്ടലും കുടിവെള്ള വിതരണം തടസപ്പെടുന്നതും പതിവാണ്. ഇതിനിടെയാണ് കുടിവെള്ള വിതരണത്തിന് ഭീഷണിയാകുന്ന നിർദ്ദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. പഞ്ചായത്തിന്റെ 23 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം വണ്ടിച്ചിറയിൽ എത്തിച്ച ശേഷം അവ വേർതിരിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് അനുയോജ്യമായതും ജനവാസം കുറഞ്ഞതുമായ മേഖലകൾ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും ഒഴിഞ്ഞുകിടക്കവെയാണ് കുടിവെള്ളപദ്ധതി പ്രവർത്തിച്ചു വരുന്നതും അതീവ പരിശുദ്ധി മേഖലയായി സംരക്ഷിക്കേണ്ട പ്രദേശത്ത് മാല്യന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തുടരുന്നതും. പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടിവരുന്ന തുകയിൽ ആദ്യ ഗഡുവായി 13 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്ന് വകമാറ്റിയതിനെ തുടർന്നാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പാറശാലയിൽ ശുദ്ധജലം വിതരണം നടത്തുന്ന വണ്ടിച്ചിറ കുടിവെള്ള പദ്ധതിക്ക് സമീപത്തു നിന്ന് 50 മീറ്ററോളം അടുത്തായാണ് നിർദ്ദിഷ്ട മാലിന്യസംസ്കരണ പ്ലാന്റിനായുള്ള പ്രവർത്തനങ്ങൾ തുടരുന്നത്.
ജലം മലിനമാകും
വണ്ടിച്ചിറ ശുദ്ധജല പദ്ധതിയുടെ ജല സംഭരണികളായ കുളങ്ങൾ, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തായിട്ടാണ് മാലിന്യ പ്ലാന്റും സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഒരുക്കുന്നതിന്റെ മുന്നോടിയായി വ്യാപകമായ തോതിൽ മണ്ണിടിച്ച് സ്ഥലം നിരപ്പാക്കൽ പണികളാണ് ഇപ്പോൾ തുടരുന്നത്. നിയമ വിരുദ്ധമായി തുടരുന്ന മണ്ണിടിച്ചിലിന് ബന്ധപ്പെട്ട റവന്യു, പൊലീസ് അധികാരികൾ മൗനാനുവാദം നൽകുന്നതായും ആരോപണമുണ്ട്.
പ്രതിഷേധം ശക്തമാകുന്നു
മാലിന്യ പ്ലാന്റ് വന്നാൽ കുടിവെള്ളം മലിനമാകുമെന്നിരിക്കെ പ്രദേശത്തെ നാട്ടുകാരുടെ ഇടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുടിവെള്ള ഭീഷണിക്ക് കാരണമാകുന്ന നടപടിക്കെതിരെ കോൺഗ്രസ് പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിഷേധ സമരപരിപാടികൾക്ക് രൂപം നൽകി. മണ്ഡലം പ്രസിഡന്റ് സുരേഷ് അടുമാങ്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. ആർ.വത്സലൻ, ബാബുക്കുട്ടൻ,കൊല്ലിയോട് സത്യനേശൻ, മണ്ഡലം പവതിയാൻവിള സുരേന്ദ്രൻ, അഡ്വ. ജോൺ, വി.കെ.ജയറാം, പഞ്ചായത്ത് അംഗങ്ങളായ ലെൻവിൻജോയ്, സെയ്ദലി, നിർമ്മല, ഫ്രീജ തുടങ്ങിയവർ പങ്കെടുത്തു.