vivadavela

രാഷ്ട്രീയത്തിൽ ഇതുവരെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത കാര്യങ്ങൾ കേരളത്തിലിപ്പോൾ സംഭവിക്കുകയാണ്. അത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനസർക്കാരും തമ്മിലുള്ളതാണ്. ഇതു കാണുന്ന പ്രതിപക്ഷം പറയുന്നത് സർക്കാരും ഗവർണറും തമ്മിലെ കൊടുക്കൽ-വാങ്ങൽ കളിയാണ് നടക്കുന്നത് എന്നാണ്.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരുതരം കൊടുക്കൽ-വാങ്ങൽ പ്രക്രിയയ്‌ക്ക് തന്നെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. അത് പ്രതിപക്ഷം പറഞ്ഞതുകൊണ്ട് മാത്രം വെറുമൊരു രാഷ്ട്രീയാരോപണമായി പുച്ഛിച്ച് തള്ളാൻ വരട്ടെ. രാജ്ഭവൻ കേന്ദ്രീകരിച്ച് നടന്ന വലിയൊരു വിലപേശൽ നാടകം. താൻ ഭരണഘടനാ പരമായ ബാദ്ധ്യത നിറവേറ്റിയില്ലെങ്കിൽ അത് സത്യപ്രതിജ്ഞാലംഘനമാകുമെന്ന് ഗവർണർക്കും ഗവർണർ സത്യപ്രതിജ്ഞാലംഘനം നടത്തി പുറത്ത് പോകേണ്ടി വരുമെന്ന് സംസ്ഥാന സർക്കാരിനും നല്ലപോലെ ബോദ്ധ്യമുള്ള കാര്യത്തിൽ ഒരു കാര്യവുമില്ലാതെ സർക്കാർ പോയി വഴങ്ങിക്കൊടുത്തത് എന്തിനെന്ന് ചോദിക്കുന്നത് പ്രതിപക്ഷമല്ല, മറിച്ച് ഇടതുപക്ഷ ഐക്യത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഇടതുമുന്നണിയിലെ സ്വന്തം ചെറിയേട്ടൻ സി.പി.ഐ ആണ്.

നിയമസഭാ സമ്മേളനത്തിന് പുതുവർഷത്തിൽ തുടക്കം കുറിക്കേണ്ടത് സംസ്ഥാനസർക്കാരിന്റെ വാർഷിക നയപ്രഖ്യാപനം ഗവർണർ സഭയിൽ അവതരിപ്പിച്ചുകൊണ്ടാവണം. മന്ത്രിസഭ ചർച്ച ചെയ്ത് അംഗീകരിക്കുന്ന നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ടത് ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരം ഗവർണറുടെ ബാദ്ധ്യതയാണ്. താൻ വായിച്ച് അവതരിപ്പിക്കേണ്ട നയപ്രഖ്യാപനം തനിക്ക് പൂർണബോദ്ധ്യമുള്ളതായിരിക്കണമെന്ന് ഗവർണറായ വ്യക്തിക്കുള്ള ജനാധിപത്യപരമായ അവകാശം മാനിച്ചുകൊണ്ടുള്ള മര്യാദ പാലിക്കുകയാണ് വർഷാവർഷങ്ങളിൽ സഭ ചേരുന്നതിന് മുമ്പേ മന്ത്രിസഭ നയപ്രഖ്യാപനം ഗവർണർക്ക് കൈമാറുക വഴി ചെയ്യുന്നത്. അത് അദ്ദേഹത്തിന് ബോധിച്ചാലും ഇല്ലെങ്കിൽ സഭയിൽ വായിക്കേണ്ടത് ഭരണഘടനാബാദ്ധ്യതയാണെന്നിരിക്കെ, ഗവർണർ നയപ്രഖ്യാപനത്തിൽ സഭാസമ്മേളനം ചേരാൻ നിശ്ചയിച്ചതിന്റെ തലേദിവസം വിലപേശൽനാടകം കളിച്ചത് ഒട്ടും യുക്തിസഹമായിരുന്നില്ല. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയാൽ സ്ഥാനത്ത് തുടരാനാവില്ലല്ലോ. അത് അദ്ദേഹത്തിനും സംസ്ഥാനസർക്കാരിനും നല്ലപോലെ ബോദ്ധ്യമുണ്ടായിട്ടും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അസാധാരണമാം വിധം തലകുനിച്ചു കൊടുത്തത് എന്തിനായിരുന്നു എന്ന് സമൂഹമദ്ധ്യത്തിലുയരുന്ന ചോദ്യം പ്രസക്തമാണ്. ഇടതുപക്ഷസ്വഭാവം വച്ചുപുലർത്തുന്ന കേരളീയസമൂഹത്തിന്റെ ബോദ്ധ്യത്തെ ശരിവച്ച് കൊടുത്തത് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണങ്ങളായിരുന്നു. കാനത്തിന്റെ പ്രതികരണം പൂർണമായും നിഷ്കളങ്കമെന്ന് പറയാനാവില്ലെങ്കിൽ പോലും ഈ ഘട്ടത്തിൽ അദ്ദേഹം പറഞ്ഞതായിരുന്നു ശരിയെന്ന് സമൂഹം വിലയിരുത്തുന്നു. ഇടതുവീര്യം ഉയർത്തിക്കാട്ടുമ്പോൾ സ്വീകാര്യതയേറും. സി.പി.ഐയുടെ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ പാർട്ടി അണികളിലും വിപ്ലവവീര്യമേറ്റാനും തന്റെ സ്വീകാര്യത ഉയർത്താനും അതുപകരിക്കുമെന്ന് കൂടി അദ്ദേഹം കണക്കുകൂട്ടിയെന്ന് കരുതിക്കോളൂ.

ഇക്കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിൽ സംഭവിച്ചത് രാജ്യത്ത് ഇതുവരെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലാത്ത രാഷ്ട്രീയനാടകമാണ്. പശ്ചിമബംഗാളിലും ഡൽഹിയിലും മറ്റ് പല സംസ്ഥാനങ്ങളിലും പ്രകടമായി ഗവർണർമാരുടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടുണ്ട്. ബംഗാളിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഉരസാത്ത സന്ദർഭങ്ങൾ കുറവാണ്. ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുമുണ്ടായി സമാനസംഭവങ്ങൾ. പക്ഷേ, കേരളത്തിലേത് അത്തരം രാഷ്ട്രീയയുദ്ധമല്ല. പിന്നെയോ, ഗവർണർ വില പേശുന്നു. സർക്കാർ വഴങ്ങിക്കൊടുക്കുന്നു. സർക്കാരിനും ഗവർണറെക്കൊണ്ട് സാധിക്കേണ്ട കാര്യങ്ങൾ സാധിച്ചെടുക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 163 അനുസരിച്ച് സംസ്ഥാനസർക്കാരിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ബാദ്ധ്യതയുള്ള ഗവർണർക്ക് അസാധാരണമാം വിധത്തിൽ തലകുനിച്ച് കൊടുക്കേണ്ട കാര്യമെന്തെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. അതും ഇടതുപക്ഷ സർക്കാർ. ഗവർണർ തന്നെ അനാവശ്യമെന്ന് കരുതുന്ന സി.പി.എമ്മും സി.പി.ഐയും നയിക്കുന്ന സർക്കാർ. അപ്പോൾ അവിടെ ഇടതുപക്ഷമൂല്യങ്ങൾ ബലി കഴിക്കപ്പെടുകയാണോ എന്ന് ചോദിച്ചാൽ, ചോദിക്കുന്നവരെ കല്ലെറിയരുത്.

സി.പി.എമ്മും ഗവർണറും

സി.പി.എമ്മിന്റെ പാർട്ടി പരിപാടിയിൽ ജനകീയ ജനാധിപത്യത്തെ വിവരിക്കുന്ന ഭാഗത്ത് മൂന്നാമത്തെ പരിപാടിയുടെ മൂന്നാം ഉപഭാഗത്ത് ഇപ്രകാരം പറയുന്നു: " സംസ്ഥാനതലത്തിൽ ഉപരിസഭകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനങ്ങൾക്ക് മുകളിൽ നിന്ന് നിയമിക്കപ്പെടുന്ന ഗവർണർമാരും ഉണ്ടായിരിക്കുന്നതല്ല. അതത് സംസ്ഥാനങ്ങളുടെയോ പ്രാദേശികാധികാര സമിതികളുടെയോ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലായിരിക്കും എല്ലാ ഭരണ സർവീസുകളും. എല്ലാ ഇന്ത്യൻ പൗരന്മാരെയും സംസ്ഥാനങ്ങൾ ഒരേവിധത്തിൽ പരിഗണിക്കുന്നതാണ്. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ സമുദായത്തിന്റെയോ ദേശീയതയുടെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഉണ്ടായിരിക്കുന്നതല്ല."

അതായത്, ജനകീയ ജനാധിപത്യ വിപ്ലവം സാദ്ധ്യമായിക്കഴിഞ്ഞാൽ ഗവർണർ സങ്കല്പമേ ഇല്ലാത്ത ഭരണസംവിധാനമാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്, ഫെഡറൽ സംവിധാനം നിലനിൽക്കുന്നിടത്ത് സി.പി.എമ്മിന്റെ പാർട്ടി പരിപാടി നടപ്പാക്കാൻ സംസ്ഥാനസർക്കാരിന് സാധിക്കില്ല എന്നാണ്. അവിടെ കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾക്കൊത്ത് നിലപാടുകളെടുക്കണം. പ്രായോഗിക ഇന്ത്യൻ സാഹചര്യത്തിൽ അതൊരു ന്യായീകരണമാണ്. അപ്പോൾ പാർട്ടി പരിപാടി കാലഹരണപ്പെട്ടതാണെന്ന് പറയേണ്ടി വരുമോ എന്ന് ചോദിച്ചാൽ...

ഗവർണറുടേത് വെറുമൊരു

ആലങ്കാരിക പദവി

ശരിക്കു പറഞ്ഞാൽ ഗവർണറുടേത് വെറുമൊരു ആലങ്കാരിക പദവി മാത്രമാണെന്ന് ആർക്കാണറിയാത്തത്. ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. അനുച്ഛേദം 166 പ്രകാരമാണ് ഗവർണർ സംസ്ഥാനത്തെ എക്സിക്യൂട്ടീവ് തലവനാകുന്നത്. അതനുസരിച്ച് ഗവർണർക്ക് സർക്കാരിന്റെ ഫയലുകളൊക്കെ വിളിച്ചുവരുത്തി പരിശോധിക്കാം. നിർദ്ദേശങ്ങൾ കൈമാറാം. സർക്കാരിന്റെ ഉത്തരവുകളെല്ലാം 'ഗവർണർക്കു വേണ്ടി' എന്നാകുന്നത് ഈ എക്സിക്യൂട്ടീവ് തലവനെന്ന പദവിയുള്ളതിനാലാണ്. എന്നാൽ, ഗവർണർ ആവശ്യപ്പെട്ടിട്ട് ഫയൽ സർക്കാർ കൈമാറിയില്ലെങ്കിൽ അത് അനുച്ഛേദം 166(3) പ്രകാരം ഭരണഘടനാ ലംഘനമാകുന്നില്ല എന്നിടത്താണ്, ഗവർണർസ്ഥാനം വെറും ആലങ്കാരികപദവി മാത്രമായി മാറുന്നത്. നിർബന്ധമായി ഫയൽ നൽകണമെന്നില്ലെന്ന് ചുരുക്കം. ദത്താത്രേയ മൊരേശ്വർ പങ്കാർക്കറും ബോംബെ സർക്കാരും തമ്മിലെ കേസിൽ സുപ്രീംകോടതി ഇത് അടിവരയിടുന്നുണ്ട്. 2016ൽ അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട കേസിലും സുപ്രീംകോടതി ഇക്കാര്യം എടുത്തുപറഞ്ഞു. ഷംഷീർസിംഗും പഞ്ചാബ് സർക്കാരും തമ്മിലെ കേസിലാണ്, ഗവർണർ മന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കേണ്ട ആളാണെന്ന് സുപ്രീംകോടതി അടിവരയിട്ടത്. ഇതെല്ലാം നിലനിൽക്കെയാണ് കേരള ഗവർണർ പല നിലയ്ക്ക് കേരളസർക്കാരിനോട് വിലപേശൽ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കേണ്ടതിന്റെ തലേദിവസം അവസാനമണിക്കൂറുകളിൽ ഗവർണർ നടത്തിയ അഭ്യാസപ്രകടനത്തിൽ സർക്കാർ വിരണ്ടുപോയി. മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി കണ്ടു. ഗവർണറെ പ്രകോപിപ്പിക്കാതെ കാര്യങ്ങൾ നീക്കാമെന്ന് സർക്കാർ തീരുമാനിച്ചു. തന്റെ അഡിഷണൽ പി.എ ആയി ബി.ജെ.പി സംസ്ഥാനസമിതി അംഗം ഹരി എസ്. കർത്തായെ നിയോഗിക്കുന്നതിൽ വിയോജിപ്പ് രേഖാമൂലം അറിയിച്ചതിലാണ് ഗവർണർക്ക് രോഷമെന്ന് മനസ്സിലാക്കി ആ ഉത്തരവിറക്കിയ പൊതുഭരണസെക്രട്ടറിയെ സർക്കാർ ബലികൊടുത്തു. പക്ഷേ, ഗവർണർ പിന്നീട് പറഞ്ഞത് അദ്ദേഹത്തെ മാറ്റാൻ താൻ പറഞ്ഞിട്ടില്ലെന്നാണ്.

പ്രതിസന്ധി ഘട്ടത്തിൽ വളരെ തന്മയത്വത്തോടെ കാര്യങ്ങളെ വരുതിക്ക് കൊണ്ടുവരുന്നതിലെ ഭരണപാടവമാണ് സർക്കാർ പുറത്തെടുത്തതെന്നും അതില്ലായിരുന്നെങ്കിൽ നിയമസഭാസമ്മേളനം നടക്കാതെ വരികയും ചർച്ചകൾ ഇപ്പോഴുള്ളതിൽ നിന്ന് മാറി മറ്റൊരു വഴിക്കായേനെ എന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്. വെറുതെ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കി പ്രതിപക്ഷത്തിന് രാഷ്ട്രീയമുതലെടുപ്പുണ്ടാക്കാൻ അവസരമിട്ട് കൊടുക്കുന്നതെന്തിനെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ഗവർണറിൽ നിക്ഷിപ്തമായ ഭരണഘടനാബാദ്ധ്യത നിലനിൽക്കെ, അങ്ങനെ വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് അതിലേറെ പ്രസക്തം.

പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഗവർണർമാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യത്തിൽ. ഗവർണറെ അനുനയിപ്പിക്കാനൊന്നും പോകാതെ മുഖ്യമന്ത്രിയും സർക്കാരും അവഗണിച്ചിരുന്നുവെങ്കിൽ ഗവർണർ നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുമോ? ഇല്ലെന്ന് വേണം ആരിഫ് മുഹമ്മദ് ഖാനെന്ന രാഷ്ട്രീയനേതാവിനെ തിരിച്ചറിയുന്നവർ മനസ്സിലാക്കാൻ. ഇനി അഥവാ അദ്ദേഹം നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും പിറ്റേന്ന് സഭയിൽ അത് അവതരിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ ഇടതുപക്ഷത്തിന് അഖിലേന്ത്യാതലത്തിൽ അതൊരു മികച്ച രാഷ്ട്രീയ പ്രചരണായുധമായേനെ എന്ന് കരുതുന്നവരുണ്ട്.

ഇടതുപക്ഷത്തിന്റെ മുഖച്ഛായയെന്നത് സമരവീര്യമാണ്. അതിനെ അരക്കിട്ടുറപ്പിക്കാൻ പോന്ന ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ കിട്ടുമായിരുന്ന അവസരവും ഗവർണർ എന്ന എസ്റ്റാബ്ലിഷ്മെന്റിനെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയം സ്ഥാപിച്ചെടുക്കാനുമുള്ള അവസരം സി.പി.എം നഷ്ടമാക്കിയെന്നതാണ് സി.പി.ഐ കേന്ദ്രങ്ങൾ പലരും പറയുന്നത്.

ഗവർണറും കേരളത്തിലെ

മുഖ്യധാരാ രാഷ്ട്രീയവും

കേരളത്തിൽ ഇതുവരെ വന്നിട്ടുള്ള ഗവർണർമാരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ശരിയായ രാഷ്ട്രീയക്കാരന്റെ എല്ലാ അടവുകളും തന്ത്രങ്ങളും പയറ്റാൻ കെല്പുള്ള നേതാവ്. കോൺഗ്രസ് നേതാവായിരിക്കെ ഷാബാനു കേസിൽ രാജീവ്ഗാന്ധിയോട് കലഹിച്ച് പുറത്തുപോയ ആൾ. ബി.ജെ.പി എസ്റ്റാബ്ലിഷ്മെന്റിനോടും പൂർണ വിധേയത്വം പുലർത്തി നിൽക്കാനുള്ള മാനസികാവസ്ഥയുള്ള നേതാവാണോ ആരിഫ് ഖാൻ എന്ന് ചോദിച്ചാൽ, അതും കണ്ടറിയുക തന്നെ വേണം എന്നേ മറുപടി പറയാനാകൂ.

പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചേല്പിച്ചതാണ് കേരളത്തിലെ ഗവർണർ ചുമതല എന്നാണ് കേൾവി. പക്ഷേ, മറ്റ് പല സംസ്ഥാനങ്ങളിലുമുള്ളത് പോലെയല്ല കേരളത്തിലെ ഗവർണർ- സർക്കാർ പോര് എന്നതാണ് ഇവിടത്തെ വിവാദങ്ങളെ സവിശേഷവും കൗതുകകരവുമാക്കുന്നത്.

ഗവർണറുടെ യഥാർത്ഥ അജൻഡ എന്താണെന്ന ചോദ്യം കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിലും ഉണ്ടാകാതില്ല. പുറമേയ്‌ക്ക് ഗവർണർക്ക് ധാർമിക പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഹരി എസ്. കർത്താ എന്ന ബി.ജെ.പി സംസ്ഥാന സമിതി അംഗമായ മുതിർന്ന മാദ്ധ്യമപ്രവർത്തകനെ ഗവർണർ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിയോഗിച്ചത് ഇവിടത്തെ ബി.ജെ.പി നേതൃത്വത്തെ പൂർണമായി ഉൾക്കൊണ്ടുകൊണ്ടാണെന്ന് കരുതാനാവില്ല. എന്നാൽ, ആർ.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ആ നിയമനമെന്ന് സംസാരമുണ്ട്. ഗവർണർ ഓരോ ഘട്ടത്തിലും പല നിലപാടുകളെടുക്കുന്ന സാഹചര്യത്തിൽ, ബി.ജെ.പി നേതൃത്വത്തിൽ അതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

സർവകലാശാലാ വിഷയങ്ങളിൽ ആദ്യം സർക്കാരിനോട് ഇടയുകയും പിന്നീട് വഴങ്ങുകയും ചെയ്ത ഗവർണർ, ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കുക കൂടി ചെയ്തപ്പോൾ സംസ്ഥാന ബി.ജെ.പി നേതൃത്വം ശരിക്കും വെട്ടിലായി. ഭേദഗതി ഓർഡിനൻസിനെതിരെ രാഷ്ട്രീയസമരത്തിന് കച്ചകെട്ടി നിന്നതായിരുന്നുവല്ലോ ബി.ജെ.പി നേതൃത്വം. ഫലത്തിൽ കേരളത്തിലെ ഒരു രാഷ്ട്രീയ നേതൃത്വത്തിനും പിടി കൊടുക്കാത്ത സമസ്യയായി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മാറിയിരിക്കുകയാണ്.

ഒടുവിൽ കേട്ടത്:

ഏറ്റവുമൊടുവിൽ സെക്രട്ടേറിയറ്റിന്റെ ഇടനാഴിയിൽ ഈ ലേഖകൻ കേട്ടത്: രാജ്ഭവനിൽ നിന്ന് ഇനിയും നാല് താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വന്നിരിക്കുകയാണത്രേ. മുഖ്യമന്ത്രി ഇതേവരെ അതിൽ ഒപ്പുവച്ചിട്ടില്ല. ഗവർണറെ പ്രകോപിപ്പിക്കാൻ ഇതും ഒരു കാരണമായിട്ടുണ്ടാകുമോ?