
തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന് നിയമസഭയുടെ ആദരാഞ്ജലി. ഒക്ടോബറിൽ ചേർന്ന കഴിഞ്ഞ സഭാസമ്മേളനത്തിലും പ്രതിപക്ഷനിരയിൽ ശക്തമായ വാദമുഖങ്ങളുമായി ഭരണപക്ഷത്തെ കടന്നാക്രമിച്ച തോമസിന്റെ അകാലവേർപാടിൽ, അദ്ദേഹത്തിന് ചരമോപചാരമർപ്പിച്ച് സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ വാദമുഖങ്ങളുയർത്തുന്നതിലെ കരുത്ത് പി.ടി. തോമസിനെ വ്യത്യസ്തനാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പി.ടി. തോമസിന് എന്നും തനതായ നിലപാടുകളുണ്ടായിരുന്നു.പശ്ചിമഘട്ടമടക്കം പാരിസ്ഥിതികപ്രശ്നങ്ങളിൽ തന്റെ പാർട്ടിക്കും മുന്നണിക്കും പോലും സ്വീകാര്യമല്ലാത്ത നിലപാടിൽ അദ്ദേഹത്തെ നമ്മൾ കണ്ടു. പാരിസ്ഥിതികകാര്യങ്ങളിലെന്ന പോലെ സാമുദായികകാര്യങ്ങളിലും പൊതുസമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് പലപ്പോഴും അദ്ദേഹം സ്വീകരിച്ചത്. സാംസ്കാരികപ്രവർത്തനങ്ങളെ രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം കൊണ്ടുപോകുന്ന സവിശേഷശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ആ സാംസ്കാരികാഭിമുഖ്യത്തിന്റെ സ്വാഭാവിക പരിണതിയാവണം അന്ത്യയാത്ര വയലാറിന്റെ ഗാനത്തിന്റെ അന്തരീക്ഷത്തിലാവണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോയെന്ന വയലാറിന്റെ ഗാനത്തിലെ വരികൾ ശരിക്കും പി.ടി. തോമസിന്റെ മനസ്സിലുണ്ടായിരുന്ന ജീവിതത്തോടുള്ള സ്നേഹത്തിന്റെ മുഴക്കമുള്ളതായി. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നത് അപകടമാണെന്ന് ചിന്തിക്കുകയും അതിനെ മുൻനിറുത്തി സ്വന്തം മരണാനന്തര ചടങ്ങുകളുടെ സ്വഭാവം മതനിരപേക്ഷമാകണമെന്ന് ശഠിക്കുകയും ചെയ്തു. മതവും രാഷ്ട്രീയവും തമ്മിലുണ്ടാവേണ്ട വേർതിരിവ് പ്രായോഗികമാക്കുന്നതിൽ തോമസിനെ സ്നേഹിക്കുന്നവർക്കെല്ലാം ഈ നിലപാടുകൾ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷത്തിന്റെ അനുകൂലാഭിപ്രായം കിട്ടാനായി തന്റെ ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പി.ടി.തോമസെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഭരണസംവിധാനങ്ങൾക്കുള്ളിലെ തെറ്റുകളായി തനിക്ക് തോന്നുന്ന കാര്യങ്ങൾ അന്വേഷിക്കുകയും അവ പഠിച്ച് സഭയിലുന്നയിക്കുകയും ചെയ്തിരുന്നതിനാൽ മികച്ച സാമാജികനെന്ന നിലയിൽ തോമസ് ഏറെ ശ്രദ്ധേയനായെന്നും സ്പീക്കർ പറഞ്ഞു.
പി.ടി. തോമസിന്റെ അവിശ്വസനീയ വേർപാടും പി.ടി ഇല്ലാത്ത നിയമസഭയും യു.ഡി.എഫിന് ഉൾക്കൊള്ളാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി തനിക്കുണ്ടാകുന്ന ബോദ്ധ്യങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനും ആ ബോദ്ധ്യങ്ങളിലുറച്ചുനിൽക്കാനും അദ്ദേഹം എന്നും കരുത്തായി.ജാതി,മത ചിന്തകൾക്കതീതമായി മതേതരത്വത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കാനെന്നും ശ്രമിച്ചയാളായിരുന്നു അദ്ദേഹമെന്നും സതീശൻ പറഞ്ഞു.
കക്ഷിനേതാക്കളായ ഇ. ചന്ദ്രശേഖരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ്, മാത്യു.ടി.തോമസ്, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേശ്കുമാർ, കെ.പി. മോഹനൻ, കെ.കെ. രമ, കോവൂർ കുഞ്ഞുമോൻ, മാണി സി.കാപ്പൻ എന്നിവരും സംസാരിച്ചു. തുടർന്ന് തോമസിനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു.