
ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ പുലർത്തിവരുന്ന സൗഹൃദബന്ധം മാതൃകാപരമാണ്. കേരളത്തിലെ ജനങ്ങളുടെ സേവനത്തിലൂടെയാണ് ഗൾഫ് രാജ്യങ്ങൾ നമ്മുടെ രാജ്യത്തെ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നത്. എണ്ണ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഗൾഫ് മേഖലയുമായി ഇന്ത്യയ്ക്ക് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. എണ്ണയുടെ വരവോടെ സൗദിയുടെയും കുവൈറ്റിന്റെയും യു.എ.ഇയുടെയും പുനർനിർമ്മിതിയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് അവിടത്തെ ഭരണാധികാരികൾക്ക് തൊട്ടറിയാവുന്നതാണ്. പാകിസ്ഥാനുമായി ശത്രുത മൂർച്ഛിച്ചിരിക്കുന്ന സന്ദർഭങ്ങളിൽ പോലും ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകൾ നടത്താറില്ല. അത്രമാത്രം ഉറപ്പുള്ള സൗഹൃദബന്ധത്തിൽ ഒരു തൂവൽ കൂടി ചാർത്തിക്കൊണ്ട് ഇന്ത്യ യു.എ.ഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഓൺലൈൻ ഉച്ചകോടിക്ക് ശേഷം ഡൽഹിയിലാണ് കരാർ ഒപ്പുവച്ചത്. വാണിജ്യമന്ത്രി പീയൂഷ് ഗോയലും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്‌ദുല്ല ബിൻ തുഖ് അൽ മർറിയുമാണ് കരാറിൽ ഒപ്പിട്ടത്. വിവിധ മേഖലകളിൽ അതീവ നൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വിസ അനുവദിക്കുമെന്നുള്ളതാണ് കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ അധികമായി ലഭിക്കുന്ന ജോലി സാദ്ധ്യതകളിൽ എൺപത് ശതമാനവും ലഭിക്കുന്നത് കേരളത്തിലെ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്കായിരിക്കും. ഇതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലുള്ള 6000 കോടി ഡോളറിൽ നിന്ന് അഞ്ചു വർഷത്തിനകം 10,000 കോടി ഡോളറാക്കി ഉയർത്താനും ലക്ഷ്യമുണ്ട്. ജബൽ അലി ഫ്രീ സോണിൽ 'ഇന്ത്യ മാർട്ട്" സ്ഥാപിക്കും. യു.എ.ഇ കമ്പനികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. കൂടാതെ ഇന്ത്യക്കാരായ നിക്ഷേപകർക്ക് അബുദാബിയിലെ അത്യാധുനിക സാങ്കേതിക വിദ്യാ മേഖലയിൽ നിക്ഷേപത്തിന് ഈ കരാർ അവസരമൊരുക്കും. മേയ് ആദ്യവാരം കരാർ പ്രാബല്യത്തിൽ വരുന്നതോടെ യു.എ.ഇയിലേക്ക് കയറ്റി അയയ്ക്കുന്ന 80 ശതമാനം ഉത്‌പന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇളവ് ലഭിക്കും. കയറ്റുമതിയിൽ വൻ കുതിപ്പാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും വസ്‌ത്രം, പ്ളാസ്റ്റിക്, തുകൽ ഉത്‌പന്ന
ങ്ങൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ. ഇതിൽ ജെം ആൻഡ് ജുവലറി കയറ്റുമതിക്ക് ഈ കരാർ വൻ നേട്ടമാവുംസമ്മാനിക്കുക. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ആഭരണ ഇറക്കുമതിക്ക് യു.എ.ഇ അഞ്ചു ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുന്നുണ്ട്. മേയിൽ കരാർ യാഥാത്ഥ്യമാകുന്നതോടെ ഇറക്കുമതി ചുങ്കം പൂജ്യമാകുമെന്നാണ് കേന്ദ്ര വാണിജ്യ സെക്രട്ടറി മാദ്ധ്യമങ്ങളെ അറിയിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വരുന്നതോടെ യു.എ.ഇയിൽ നിന്ന് 200 ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കും. കൂടാതെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് യു.എ.ഇ തീരുവ ചുമത്തുകയുമില്ല. ഇന്ത്യയിൽ നിന്നുള്ള ആഭരണങ്ങൾക്ക് നിലവിൽ 5 ശതമാനം തീരുവയാണ് യു.എ.ഇ ചുമത്തുന്നത്. ഇത് ഇല്ലാതാകുന്നതോടെ ഇന്ത്യയുടെ ആഭരണ നിർമ്മാണ മേഖലയ്ക്ക് വൻ ഉത്തേജനമാകും . കരാർ മൂലമുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയിൽ പുതുതായി 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഗൾഫ് സഹകരണ കൗൺസിലുമായി ഇന്ത്യ ഒപ്പിടാനുദ്ദേശിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് ഇപ്പോൾ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അടിത്തറയായി മാറുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു.