
കല്ലമ്പലം: കടുവയിൽപള്ളി - തോട്ടക്കാട് - വട്ടക്കൈത റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ വേഗത്തിൽ റോഡിന്റെ പണി പൂർത്തിയാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേശീയ പാതയിൽ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കടുവയിൽ മസ്ജിദിനു മുന്നിൽ നിന്നും ആരംഭിച്ച് ചാങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപത്തുകൂടി കല്ലമ്പലം - നഗരൂർ റോഡിലെ തോട്ടക്കാട് ജംഗ്ഷനിലെത്തി അവിടെ നിന്നും ആണ്ടിക്കോണം വഴി കല്ലമ്പലം - ചെമ്മരത്ത് മുക്ക് റോഡിലെ വട്ടക്കൈതയിലെത്തുന്നതാണ് റോഡ്. ഇതോടൊപ്പം റോഡുമായി ബന്ധപ്പെട്ട കാഞ്ഞിലിൽ - മെതിക്കളം - പണിക്കന്റവിള റോഡും കോൺക്രീറ്റിംഗ് നടത്തി നവീകരിക്കും. 2019 - 20ലെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ വകയിരുത്തിയ റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പാണ് വഹിക്കുന്നത്. കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ അരവിന്ദ് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, പഞ്ചായത്തംഗങ്ങളായ ദീപ പങ്കജാക്ഷൻ, എം.കെ. ജ്യോതി, ബിജു, ചിന്നു, ഹുസൈൻ, കരവാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മധുസൂദന കുറുപ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ: എസ്.എം. റഫീക്ക്, അഭിലാഷ് ചാങ്ങാട്, ഗോപാലകൃഷ്ണ കുറുപ്പ്, രാജേഷ് കാഞ്ഞിലിൽ എന്നിവർ പങ്കെടുത്തു.