
ബാലരാമപുരം:റസൽപ്പുരം ഗവൺമെന്റ് യു.പി.എസിലെ 1990 ബാച്ചിലെ പൂർവവിദ്യാർത്ഥി സംഗമം വേറിട്ട കാഴ്ച്ചയായി. 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അദ്ധ്യയനം നടത്തിയ അതേ ക്ലാസ്റൂം പുനസംഘടിപ്പിച്ചാണ് ഒരുവട്ടം കൂടി എന്ന വിദ്യാർത്ഥി കൂട്ടായ്മ തങ്ങളുടെ ഒന്നാം ക്ലാസിലേക്ക് പഴയകാല ഓർമ്മകളുമായി തിരിച്ചെത്തിയത്.കൊവിഡിനെ തുടർന്ന് ശൂന്യമായ സ്കൂൾ അന്തരീക്ഷത്തിൽ കബഡി കളിച്ചും ഗോട്ടി കളിച്ചും, ക്രിക്കറ്റ് കളിച്ചും ഓടിനടന്ന സ്കൂൾ മൈതാനത്ത് നൊസ്റ്റാൾജിയ പോലെ അവർ ഓർമ്മകളോടൊപ്പം നടന്നു. മേൽക്കൂരയില്ലാത്ത ശുചിമുറികൾക്ക് പകരമായി സ്കൂളിൽ ബഹുനിലമന്ദിരങ്ങൾ ഉയർന്നപ്പോൾ വിദ്യാർത്ഥിസുഹൃത്തുകൾക്ക് അഭിമാനനിമിഷമായി.റിട്ട.അദ്ധ്യാപകരായ ലില്ലിക്ലാരയെ പൂർവവിദ്യാർത്ഥികളായ പ്രേംകുമാറും രാജമ്മ ടീച്ചറെ ശ്രീലാലും പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു.കേക്ക് മുറിച്ചും പാട്ട്പാടിയും അവർ ആഹ്ലാദത്തിലായി. ഉച്ചക്കഞ്ഞിക്കായി കാത്തിരുന്ന സ്കൂൾ വരാന്തയിൽ അവർ വീണ്ടും ഒത്തുചേർന്ന് ആഹാരം കഴിച്ചു. ഓരോരുത്തരും തങ്ങളുടെ പഴയകാല അനുഭവങ്ങളിലേക്ക് വീണ്ടും കടന്നുപോയി. രാവിലെ 11 മണിയോടെ ചേർന്ന വിദ്യാർത്ഥി കൂട്ടായ്മ ഉച്ചയ്ക്ക് രണ്ടരയോടെ സമാപിച്ചു.