secretariate-

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നവർക്കും മന്ത്രിമാർക്കെന്നപോലെ തങ്ങൾക്കിഷ്ടമുള്ളയാളെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാൻ അനുവാദം നൽകിയിരിക്കുകയാണ്. ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് അധികാര ദുർവിനിയോഗം തന്നെ. മേയർമാരും മുനിസിപ്പൽ അദ്ധ്യക്ഷന്മാരും ജോലിഭാരംകൊണ്ടു വീർപ്പുമുട്ടുന്ന പശ്ചാത്തലത്തിൽ അവരെ സഹായിക്കാൻ വേണ്ടിയാണത്രെ ഓരോ സഹായിയെ ഏർപ്പെടുത്തുന്നത്. തനതു ഫണ്ടിൽ നിന്നാകണം അദ്ധ്യക്ഷന്മാരുടെ പി.എമാർക്ക് വേതനം നൽകാനെന്ന് നിഷ്‌കർഷയുണ്ടെങ്കിലും ഈ ഫണ്ടും ജനങ്ങളുടെ നികുതിപ്പണം തന്നെയാണല്ലോ. അപ്പോൾ അതിന്റെ വിനിയോഗം നിയമാധിഷ്ഠിതവും ധാർമ്മികവുമായിത്തന്നെ വേണ്ടതല്ലേ? നൂറുശതമാനവും രാഷ്ട്രീയാടിസ്ഥാനത്തിൽ നടക്കുന്ന ഈ നിയമനങ്ങൾ വർഷങ്ങളായി ഏതെങ്കിലുമൊരു സർക്കാർ ഉദ്യോഗത്തിനായി പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികളോടു കാണിക്കുന്ന നീതിനിഷേധമല്ലേ?

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ വലിപ്പവും അവർക്കു ഖജനാവിൽ നിന്നു നൽകിക്കൊണ്ടിരിക്കുന്ന പെൻഷനും വിവാദമായതിനിടയിലാണ് നഗരസഭാദ്ധ്യക്ഷന്മാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം കൂടി ആ ഗണത്തിലേക്കു കടന്നുവരുന്നത്. രണ്ടുവർഷം സർവീസ് തികച്ചാൽ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാമെന്നാണ് വ്യവ്യസ്ഥ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തി രണ്ടുവർഷം കഴിയുമ്പോൾ പേഴ്സണൽ സ്റ്റാഫിനെ മാറ്റി പുതിയ ആൾക്കാരെ നിയമിച്ച് അവർക്കും പെൻഷൻ ഒപ്പിച്ചുകൊടുക്കുന്ന നടപടി കുറച്ചുകാലമായി ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. അധികാരം കൈയാളുന്ന എല്ലാ പാർട്ടികളും ഇതിൽ പങ്കുകാരായതിനാൽ ഒരു കക്ഷിയും ഖജനാവു ചോർത്തുന്ന ഈ സമ്പ്രദായത്തെ എതിർക്കാറുമില്ല.

ആർക്കെങ്കിലുമൊക്കെ തൊഴിൽ ലഭിക്കുന്നതു നല്ല കാര്യം തന്നെ. എന്നാൽ മത്സരപ്പരീക്ഷ എഴുതി പി.എസ്.സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടാൻ ഭാഗ്യം ലഭിച്ച അനേകായിരങ്ങൾ വർഷങ്ങളായി കാത്തിരിക്കുന്നിടത്താണ് പാർട്ടി ബലത്തിൽ കുറെപ്പേർ ഉദ്യോഗത്തിൽ കയറുന്നതെന്നോർക്കണം. സർക്കാരിന്റെ നിസാര വീഴ്ചകൾക്കെതിരെ പോലും പടവാളുമായി ഇറങ്ങുന്ന പ്രതിപക്ഷവും ഇതിനെ എതിർക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്.

പഞ്ചായത്തംഗമായാലും നിയമസഭാംഗമായാലും പാർലമെന്റംഗമായാലും ജീവിക്കാനാവശ്യമായ വേതനവും ആനുകൂല്യങ്ങളും നൽകേണ്ടത് ആവശ്യം തന്നെ. അഴിമതിയിൽ നിന്ന് അവരെ അകറ്റിനിറുത്താൻ ഇത്തരത്തിലൊരു സുരക്ഷാസംവിധാനം ഏറെ അത്യാവശ്യമാണ്. പൊതുസേവനം സ്വമനസാലെ തിരഞ്ഞെടുത്തവർ പക്ഷേ ജോലിഭാരത്തെക്കുറിച്ചു പരാതിപ്പെടുന്നതിൽ അർത്ഥമില്ല.

സർക്കാർ സർവീസിൽ ജീവനക്കാർ അധികമാണെന്ന് ഓരോ ശമ്പള കമ്മിഷൻ റിപ്പോർട്ടിലും പ്രത്യേകം പറയാറുണ്ട്. ശമ്പളഭാരം കുറയ്ക്കാൻ ജീവനക്കാരുടെ സംഖ്യ നിയന്ത്രിക്കാനുള്ള ശുപാർശകൾ ശമ്പള കമ്മിഷനുകൾ മാത്രമല്ല, ഭരണപരിഷ്കാര കമ്മിഷനും പലകുറി നിർദ്ദേശിച്ചിട്ടുള്ളതാണ്. നഗരസഭാദ്ധ്യക്ഷന്മാർക്ക് തങ്ങളുടെ ഓഫീസിൽ നിന്നു തന്നെ പേഴ്സണൽ അസിസ്റ്റന്റിനെ ഒരു പ്രയാസവും കൂടാതെ കണ്ടെത്താവുന്നതേയുള്ളൂ. മേയർമാർക്കും ചെയർമാന്മാർക്കും ഇപ്പോൾത്തന്നെ അതിനുള്ള സംവിധാനങ്ങളുമുണ്ട്. അതു പോരാതെയാണ് ഇഷ്ടാനുസരണം പ്രത്യേകമൊരാളിനെ നിയമിക്കാനുള്ള പുതുവഴി ഒരുങ്ങുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി നാലുവർഷത്തിനപ്പുറം നീട്ടിയാൽ പോലും ഉദ്യോഗാർത്ഥികൾക്ക് നീതി കിട്ടാത്ത അവസ്ഥയാണുള്ളത്. മണ്ണിന്റെ മക്കൾ വാദം പോലെ പാർട്ടിക്കാർക്കു മാത്രം ഉദ്യോഗം നൽകാനുള്ള തീരുമാനവും ജനാധിപത്യ ഭരണസമ്പ്രദായത്തിന് നിരക്കുന്നതാണോ എന്ന് എല്ലാ കക്ഷികളും ചിന്തിക്കണം.