
മുടപുരം: കോരാണി -ചിറയിൻകീഴ് റോഡിന്റെയും കാട്ടുമുറാക്കൽ പാലത്തിന്റെയും പുനർനിർമാണ പ്രവർത്തനം പൂർത്തിയാകാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു.
സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ കൂടിയാലോചനകൾ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കാട്ടുമുറാക്കൽ പുതിയ പാലം നിർമ്മിക്കുന്നതിനുവേണ്ടി പഴയ പാലം പൊളിച്ചപ്പോഴുണ്ടായ ഇരുമ്പ് കമ്പികളും കോൺക്രീറ്റുകളും മണ്ണും പാറകളും മറ്റ് വേസ്റ്റുകളും റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പാലം പണി പൂർത്തിയായി വിവിധ ഭാഗങ്ങളിൽ ഒന്നാംഘട്ട ടാറിംഗ് കഴിഞ്ഞിട്ടും ഈ വേസ്റ്റുകൾ അവിടെനിന്ന് നീക്കം ചെയ്തിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ഈ നിർമാണപ്രവർത്തനം ആരംഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.
ഇത് റോഡിലൂടെയുള്ള കാൽനട വാഹന യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. രാത്രികാലങ്ങളിൽ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. മാത്രമല്ല റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കേണ്ടത് വൈദ്യുതി വകുപ്പാണ്. കുടിവെള്ള പൈപ്പ് ലൈനുകൾ ആവശ്യാനുസരണം റോഡിന്റെ എതിർ സൈഡിലേക്ക് സ്ഥാപിക്കേണ്ടത് കേരളാ വാട്ടർ അതോറിട്ടിയുമാണ്. ഈ പണികളൊന്നും നടക്കുന്നില്ല. മേജർ ഇറിഗേഷൻ വകുപ്പും റവന്യു ഉദ്യോഗസ്ഥരും സംയുക്തമായി പാലത്തിന്റെ കുറുകെ ഒഴുകുന്ന ആറിന്റെ രണ്ട് സൈഡിലെയും പുറമ്പോക്കുകൾ അളന്നു തിട്ടപ്പെടുത്തി ആ ഭാഗത്ത് ആവശ്യമായ അതിര് കല്ലുകൾ സ്‌ഥാപിച്ചാൽ മാത്രമേ ബാക്കി സൈഡിലുള്ള പണികൾ കരാറുകാരന് പൂർത്തീകരിക്കാൻ കഴിയൂ. ഈ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് നിർമ്മാണം വീണ്ടും വീണ്ടും നീണ്ടുപോകുന്നത്. അതിനാൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടിയാലോചനകൾ അടിയന്തരമായി നടത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും റോഡിൽ കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റുകൾ നീക്കം ചെയ്യന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ ആവശ്യപ്പെട്ടു.