
നെയ്യാറ്റിൻകര: പനങ്ങാട്ടുകരി വാർഡിൽ പിരായുംമൂട് ജംഗ്ഷന് സമീപത്തെ ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനവും നഗരത്തിലെ വാണിജ്യസ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമടക്കമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക്. പനങ്ങാട്ടുകരിയിലെ അനധികൃത - നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പനങ്ങാട്ടുകരി, പിരായുംമൂട് വാർഡുകളിലെ ജനജീവിതം ദുഃസഹമാക്കുന്ന ആശുപത്രി മാലിന്യങ്ങളും ഭക്ഷ്യഅവശിഷ്ടങ്ങളും ഉൾപ്പെടെ ടൺ കണക്കിന് ഖരമാലിന്യങ്ങൾ പനങ്ങാട്ടുകരിയിൽ നിക്ഷേപിക്കുന്നത് തുടരുന്നതിനെതിരെയാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പനങ്ങാട്ടുകരിയിലെ വിവിധ പ്രദേശങ്ങൾ കുഴിച്ച് മണ്ണ് മാറ്റി കച്ചവടവും അനധികൃത കളിമൺ നിർമ്മാണവും നടക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയതായി പ്രദേശവാസികൾ ആരോപിക്കുന്നു. വിഷയം സംബന്ധിച്ച് നടപടിയെടുക്കാൻ പൊലീസിന് നഗരസഭ നിർദ്ദേശം നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ആക്ഷൻ കൗൺസിൽ രൂപീകരണയോഗം നഗരസഭ വൈസ് ചെയർപെഴ്സൺ പ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ. അനിതകുമാരി, അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത്, ചന്ദ്രകിരൺ, ടി.ഡി. സന്തോഷ് കുമാർ, എസ്. ഷാജു കുമാർ, മണത്തല ഉണ്ണി, സുരേഷ് കുമാർ, അശോക് കുമാർ, മുരളീധരൻ നായർ, സത്യദാസ് തുടങ്ങിയവർ പങ്കെടുത്തു. സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിൽ ഭാരവാഹികളായി പ്രിയ സുരേഷ് (ചെയർപെഴ്സൺ), രാജീവ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് 5ന് പിരായുംമൂട്ടിൽ വച്ച് പ്രതിഷേധ സന്ധ്യ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.