
തിരുവനന്തപുരം: സ്കൂൾ മുറ്റത്തേക്ക് പ്രവേശിച്ച കുരുന്നുകളെ അദ്ധ്യാപകർ സ്വീകരിച്ചത് പ്ളാവില കൊണ്ടുള്ള തൊപ്പി ധരിപ്പിച്ച്. പ്ളാവില തൊപ്പിയുമായി ക്ളാസിൽ എത്തിയപ്പോൾ കിട്ടിയതോ മധുരമൂറുന്ന പായസവും.
മണക്കാട് ഗവ. എൽ.പി.എസിലാണ് പ്രീപ്രൈമറി കുട്ടികൾക്കായി മനോഹരമായ പ്രവേശനോത്സവം ഒരുക്കിയത്. 350 ഓളം കുട്ടികളാണ് ഇൗ സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ഇന്നലെ സ്കൂളിലെത്തിയത്. ആദ്യമായി സ്കൂളിലെത്തുന്ന അമ്പരപ്പും അങ്കലാപ്പുമൊക്കെ പലർക്കും ഉണ്ടായിരുന്നെങ്കിലും വേഗം പുതിയ അന്തരീക്ഷവുമായി അവർ ഇണങ്ങി. മുതിർന്ന കുട്ടികൾ ഏറെ നാളിനു ശേഷം സുഹൃത്തുക്കളെ കണ്ട സന്തോഷത്തിലായിരുന്നു. ക്ളാസുകൾ പൂർണതോതിൽ തുറന്ന ആദ്യ ദിനമായിരുന്നെങ്കിലും ടൈംടേബിൾ പ്രകാരം അദ്ധ്യാപകരെത്തി ക്ളാസെടുത്തു. ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകാർക്ക് മാർച്ചിനുള്ളിൽ പാഠഭാഗങ്ങൾ തീർക്കാനുള്ളതിനാൽ സമയം പാഴാക്കാനില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.
യൂണിഫോം ഇട്ടും ഇല്ലാതെയും
ഒരു ബെഞ്ചിൽ മൂന്നും നാലും കുട്ടികൾ വീതമാണ് പല സ്കൂളുകളിലും ഇരുന്നത്. ഇത്രയടുത്ത് കൂട്ടുകാരോടൊത്ത് ഇരുന്നെങ്കിലും മാസ്ക് മാറ്റാതെ കളിച്ചുചിരിച്ച് അവർ സന്തോഷം പങ്കിട്ടു. ചിലർ യൂണിഫോമിൽ എത്തിയപ്പോൾ മറ്റു ചിലർ കളർ വസ്ത്രങ്ങളണിഞ്ഞ് വന്നു. ഉച്ചഭക്ഷണത്തിന് ചില സ്കൂളുകളിൽ ഭക്ഷണം വീണ്ടും ഉണ്ടാക്കേണ്ടിവന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ കുട്ടികൾ എത്തിയതോടെയാണിത്. എങ്കിലും അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം തയാറാക്കി കുട്ടികൾക്ക് നൽകി.
യാത്രാസൗകര്യവും ഗതാഗതക്കുരുക്കും
പല സ്കൂളുകളിലും യാത്രാസൗകര്യം ഒരുക്കിയിരുന്നില്ല. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ സ്കൂളുകളിലെത്തിച്ചത്. ഇത് നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടാക്കി. അതിനാൽ തന്നെ ആദ്യ ദിനത്തിൽ സ്കൂളുകളിൽ വൈകിയെത്തിയവരും കുറവല്ല.