
തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി തീരുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള നിയമഭേദഗതി അവസാനഘട്ടത്തിലാണ്. മലയാളം മിഷന്റെ ലോക മാതൃഭാഷാ ദിനാഘോഷം മലയാണ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു ശ്രമിക്കുന്നത്.
മലയാളം പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ മാത്രം ഉദ്ദേശിച്ചല്ല. കേരളത്തിൽ മലയാളം അല്ലാത്ത ഭാഷകൾ മാതൃഭാഷയായിട്ടുള്ള നിരവധിപേരുണ്ട്. അവരെയും അവരുടെ ഭാഷയെയും അരികുവത്കരിച്ചാകില്ല മലയാളത്തെ അഭിവൃദ്ധിപ്പെടുത്തുന്നത്. കേരളത്തിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം മിഷന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മിഷൻ യു.കെ ചാപ്റ്ററിന് മുഖ്യമന്ത്രി സമ്മാനിച്ചു. ഭാഷാ പ്രതിഭാ പുരസ്‌കാരം മന്ത്രി ആന്റണി രാജുവും സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം മന്ത്രി കെ.എൻ. ബാലഗോപാലും നൽകി.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ.അനിൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് എം.വി. സ്വാലിഹ തുടങ്ങിയവർ പങ്കെടുത്തു.