
തിരുവനന്തപുരം: തലശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആർ.എസ്.എസ്-ബി.ജെ.പി നീക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇരുളിൽ പതിയിരുന്ന സംഘം ഹരിദാസനെ മൃഗീയമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ചവരാണ് കൊലപാതകികൾ. ഹരിദാസിന്റെ ഒരു കാൽ അവർ വെട്ടിയിട്ടു. ദേഹമാസകലം ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണിത്.
രണ്ട് പേരെ വകവരുത്തുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കൊലവിളി നടത്തിയിരുന്നു. രണ്ട് മാസം മുമ്പ് ജില്ലകളിൽ ആർ.എസ്.എസുകാർക്കായി ഒരാഴ്ച നടത്തിയ പരിശീലന പരിപാടിയിൽ മൂവായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. അതിൽ പങ്കെടുത്ത തലശ്ശേരിയിൽ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമുയർന്നിട്ടുണ്ട്. ആർ.എസ്.എസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.
ആർ.എസ്.എസ്- ബി.ജെ.പി സംഘവും മറ്റു രാഷ്ട്രീയപാർട്ടികളും സി.പി.എം പ്രവർത്തകർക്കു നേരെ നിരന്തരം ആക്രമണം നടത്തുകയാണ്. കഴിഞ്ഞ അഞ്ചര വർഷക്കാലയളവിൽ ഹരിദാസടക്കം 22 പ്രവർത്തകരെയാണ് പാർട്ടിക്ക് നഷ്ടമായത്. ഇതിൽ 16 പേരെ കൊലപ്പെടുത്തിയതും ആർ.എസ്.എസാണ്.
കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് ആർ.എസ്.എസുകാർ കരുതേണ്ട.
സി.പി.എം പ്രവർത്തർ പ്രകോപനത്തിൽപെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ആർ.എസ്.എസ് ക്രിമിനൽ സംഘത്തെ ഒറ്റപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
വീണ്ടും വെട്ടി
വികൃതമാക്കി
കണ്ണൂർ: കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മുറിവുകളെല്ലാം അരയ്ക്കുതാഴെയാണ്. ഒരു വെട്ടിൽ വീണ്ടും വീണ്ടും വെട്ടിയതിനാൽ ശരീരം വികൃതമായ നിലയിലായിരുന്നു. വലതു കാലിലും ആഴത്തിലുള്ള നാല് മുറിവുണ്ട്. വെട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുകൈയിലും മുറിവേറ്റു. രക്തം വാർന്ന് മരണം സംഭവിച്ചാതാകാമെന്നാണ് വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തമാകൂ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഉച്ചയോടെയായിരുന്നു പോസ്റ്റുമോർട്ടം .