haridasan

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ നേടിയ നേട്ടങ്ങളെയൊക്കെ അപ്രസക്തമാക്കുമാറ്, കേരളത്തിൽ രാഷ്ട്രീയക്കൊലകളുടെ എണ്ണം പെരുകുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന പെരുമയിൽ നിന്ന് രാഷ്ട്രീയവൈരം തീർക്കാൻ അരുംകൊലകൾ അരങ്ങേറുന്ന നാട് എന്ന നാണക്കേടിലേക്കാണ് പോക്ക്. ലോകമാദ്ധ്യമങ്ങൾ കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ വലിയ വാർത്തയാക്കുന്നു. രാഷ്ട്രീയകൊലകളുടെ പേരിൽ കേരളത്തിന് തലകുനിക്കേണ്ട അവസ്ഥ. രാഷ്ട്രീയപാർട്ടികൾ തള്ളിപ്പറയുകയും അപലപിക്കുകയും കൊലയാളികളെ പുറത്താക്കുകയും ചെയ്തിട്ടും അരുംകൊലകൾക്ക് അറുതിയില്ല.

പകരത്തിനുപകരം എന്നമട്ടിലെ പ്രതികാര കൊലകളും നടക്കുന്നു. ആലപ്പുഴയിൽ ആദ്യകൊലപാതകമുണ്ടായി മണിക്കൂറുകൾക്കകം വരിവരിയായി ആറു ബൈക്കുകളിൽ നഗരത്തിലൂടെ ആയുധങ്ങളുമായെത്തിയാണ് രണ്ടാംകൊല നടത്തിയത്. നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങൾ മുൻകൂട്ടിയറിഞ്ഞ്, സുരക്ഷയൊരുക്കേണ്ട പൊലീസും ഇന്റലിജൻസും കാഴ്ചക്കാരായി നിൽക്കുന്നു.

രാഷ്ട്രീയ കൊലപാതകമാണെങ്കിൽ സംരക്ഷണമുണ്ടാവുമെന്നും പേടിക്കാനില്ലെന്നുമാണ് പരക്കെയുള്ള ധാരണ. പാർട്ടികളുടെ പൂർണ സംരക്ഷണം കിട്ടും. ജയിലിലും വി.ഐ.പി പരിഗണനയായിരിക്കും. കുടുംബത്തിനും സംരക്ഷണമുണ്ടാവും. വിചാരണയ്ക്ക് പ്രഗത്ഭരായ അഭിഭാഷകരെ ഇറക്കും. ഭീഷണിപ്പെടുത്തി സാക്ഷിമൊഴികൾ മാറ്രിയ്ക്കും. ശിക്ഷിക്കപ്പെട്ടാൽ അപ്പീൽപോകും. നിയമത്തിന്റെ പഴുതിലൂടെ രക്ഷിച്ചെടുക്കുന്നവരെ ജോലിയും സൗകര്യങ്ങളും നൽകി പുനരധിവസിപ്പിക്കുന്നുമുണ്ട്. യഥാർത്ഥ പ്രതികൾ നിയമത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെടുകയും അവരെ എതിർപാർട്ടിക്കാർ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും നടന്നിട്ടുണ്ട്.

മലബാർ മേഖലയിൽ മാത്രം 9 രാഷ്ട്രീയക്കൊലകൾ സി.ബി.ഐ അന്വേഷണത്തിലാണ്. ഉന്നതനേതാക്കൾ അടക്കം പ്രതിസ്ഥാനത്തുണ്ട്. എട്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുണ്ട്. ആരോപണമുനയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്.

 ഏറെയും കണ്ണൂരിൽ

കണ്ണൂരിൽ അരനൂറ്റാണ്ടിനിടെ 250ലേറെ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കണ്ണൂർ പൊലീസിന്റെ വിവരാവകാശ രേഖപ്രകാരം 1984മുതൽ 2018മേയ് വരെ 125 രാഷ്ട്രീയകൊലകൾ. അതുപ്രകാരം കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയചായ്‌വ് ഇങ്ങനെ: ബി.ജെ.പി-53, സി.പി.എം-46, കോൺഗ്രസ് -19, ലീഗ് -7. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 15ജീവനുകളാണ് പൊലിഞ്ഞത്. ഏറെയും യുവാക്കൾ. രണ്ട് ഇരട്ടക്കൊലകളുമുണ്ടായി.

 5വർഷം, 37കൊല

2016-2021 കാലത്ത് സംസ്ഥാനത്ത് 37രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. 2016- 15, 2017-അഞ്ച് , 2018- നാല് , 2019- നാല് , 2020- നാല് , 2021- അഞ്ച്.