
തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണറും തമ്മിൽ അവിശുദ്ധബന്ധമുള്ളതിനാൽ സർക്കാർ ഗവർണർക്കെതിരെ ശക്തമായ നിലപാടെടുക്കില്ലെന്ന് വിലയിരുത്തി യു.ഡി.എഫ് നേതൃത്വം. ഈ സ്ഥിതിക്ക് അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നത് പോലുള്ള നടപടികളെടുത്ത് സർക്കാരിന് നല്ല പിള്ളയാകാൻ അവസരമുണ്ടാക്കേണ്ടെന്ന പൊതുവികാരമാണ് ഇന്നലത്തെ മുന്നണിയോഗത്തിലുണ്ടായത്.
ഗവർണർ-സർക്കാർ അവിശുദ്ധസഖ്യത്തെ തുറന്നുകാട്ടാനുള്ള തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് നിയമസഭാകക്ഷിയെ യോഗം ചുമതലപ്പെടുത്തി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ഭേദഗതി ഓർഡിനൻസിനെതിരെ നിരാകരണപ്രമേയം സഭയിൽ കൊണ്ടുവരുന്നതടക്കമുള്ള വിഷയങ്ങളിലും എന്തുവേണമെന്ന് യു.ഡി.എഫ് നിയമസഭാകക്ഷി തീരുമാനിക്കും. നിരാകരണപ്രമേയം കൊണ്ടുവരുമെന്ന് പുറത്ത് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയും മുന്നണിയോഗത്തിൽ സംബന്ധിച്ചിരുന്നെങ്കിലും കാര്യമായൊന്നും പറഞ്ഞില്ല.
ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കാൻ വിസമ്മതിക്കുകയും ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഗവർണർ സ്ഥാനത്ത് തുടരാൻ അർഹനല്ല. കുറച്ചുകാലമായി ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണർ വീഴ്ച വരുത്തുകയാണെന്ന് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നയപ്രഖ്യാപനം നടത്തുന്നതിലെ ഭരണഘടനാബാദ്ധ്യത നിറവേറ്റില്ലെന്നുള്ള അദ്ദേഹത്തിന്റെ ഭീഷണിക്ക് മുന്നിൽ പേടിച്ചുവിറച്ച മുഖ്യമന്ത്രിയൊണ് കണ്ടത്. ഇദ്ദേഹത്തെയാണോ സി.പി.എമ്മുകാർ ഇരട്ടച്ചങ്കനെന്ന് വിളിക്കുന്നത്? മോദിയുടെയും പിണറായിയുടെയും ഇടനിലക്കാരനായത് കൊണ്ടാണ് ഗവർണർക്ക് മുന്നിൽ കീഴടങ്ങിയത്. സി.പി.എം- ബി.ജെ.പി രഹസ്യബന്ധത്തിന് തെളിവാണിത്. ഗവർണർക്കെതിരെ പ്രമേയം സഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ കൊണ്ടുവരാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനതത്വമായ ഫെഡറലിസത്തിനെതിരായി കേന്ദ്രത്തിന്റെ ഏജന്റായി നിൽക്കുന്ന ഗവർണറെ തുറന്നുകാട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിമർശിച്ചത് സി.പി.ഐയാണ്. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്കേ അധികാരമുള്ളൂ. അതിൽ തങ്ങളിടപെടേണ്ടതില്ല. കേരളത്തിലെ രാജ്ഭവൻ സംഘപരിവാറിന്റെ പ്രചരണകേന്ദ്രമായി. ബി.ജെ.പി വൈസ് പ്രസിഡന്റായിരുന്ന സിക്കന്തർ ഭക്ത് ഗവർണറായിരുന്നപ്പോൾ പോലും രാജ്ഭവനിൽ ഇങ്ങനെയൊന്നും നടന്നിട്ടില്ല. ഹിജാബ് വിഷയത്തിൽ ഗവർണർ ഖുറാൻ ഉദ്ധരിച്ചപ്പോൾ ചെകുത്താൻ വേദമോതുന്ന പ്രതീതിയാണുണ്ടായതെന്നും ഹസൻ പറഞ്ഞു.