
തിരുവനന്തപുരം: അമ്മ മലയാളം എന്ന വിശേഷണത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് മാതൃഭാഷയുടെ വികാസത്തിനായി പ്രവർത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാതൃഭാഷാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷാ പഠനത്തിന് പ്രത്യേക ഊന്നൽ നൽകണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് മാതൃഭാഷാ പഠനം പന്ത്രണ്ടാം ക്ലാസ് വരെ നിർബന്ധമാക്കിക്കൊണ്ട് നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. തീരുമാനം നടപ്പിൽ വരുത്താനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾ ഭാഷാപ്രതിജ്ഞയെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡിഷണൽ ഡയറക്ടർ സന്തോഷ് കുമാർ .എസ്, മലയാള മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, സീമാറ്റ് ഡയറക്ടർ ഡോ. സാബു .എച്ച്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നാരായണി, സ്‌കൂൾ പ്രിൻസിപ്പൽ അനിതകുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.