
തിരുവനന്തപുരം: നിയമവിദ്യാർത്ഥിയായിരുന്ന 23കാരി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത് സ്വയരക്ഷയ്ക്കല്ലെന്നും കാമുകൻ അയ്യപ്പദാസിന്റെ പ്രേരണയാലാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്വാമിയുടെ ശിഷ്യനും സഹായിയുമായിരുന്നു അയ്യപ്പദാസ്. ഒരുമിച്ചു ജീവിക്കാൻ സ്വാമി തടസ്സമെന്ന് കണ്ടതോടെ, ഇരുവരും ഗൂഢാലോചന നടത്തി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് കണ്ടെത്തൽ. കൊല്ലം ബീച്ചിലിരുന്നാണ് അന്തിമപദ്ധതി തയ്യാറാക്കിയത്. ഇരുവരെയും പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.
ലൈംഗിക അതിക്രമത്തിന് സ്വാമി ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ജനനേന്ദ്രിയം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞത്. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ 2017 മേയിലായിരുന്നു സംഭവം. എന്നാൽ, ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്റെ നിർബന്ധത്തിലാണെന്നും പെൺകുട്ടി പിന്നീട് കോടതിയിൽ മൊഴി നൽകി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സ്വാമിക്ക് പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്നു. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധത്തെ എതിർത്ത സ്വാമിയെ ആക്രമിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അയ്യപ്പദാസാണ് പദ്ധതി തയ്യാറാക്കിയത്. സംഭവത്തിന് രണ്ടു ദിവസം മുൻപ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലും വച്ച് കൂടിക്കാഴ്ച നടത്തി. സമാന സംഭവങ്ങൾ പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായി മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനയിലും കണ്ടെത്തി. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്.
ഒരുവർഷത്തെ അന്വേഷണത്തിലൊടുവിലാണ് ക്രൈംബ്രാഞ്ച് ഗൂഢാലോചന തെളിയിച്ചത്. നിയമോപദേശം ലഭിച്ചാലുടൻ പരാതിക്കാരിയെയും കാമുകനെയും പ്രതിയാക്കി കുറ്റപത്രം നൽകും. സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ആരോപിച്ച് ഗംഗേശാനന്ദ പരാതി നൽകിയിരുന്നു.
മാറിമറിഞ്ഞ് മൊഴികൾ
# സ്വാമി ലൈംഗിക അതിക്രമം നടത്തിയപ്പോൾ സ്വയരക്ഷയ്ക്കാണ് അതിക്രമം കാട്ടിയതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി.
# താൻ തന്നെ ജനനേന്ദ്രിയം മുറിച്ചതാണെന്ന് മൊഴി നൽകിയ ഗംഗേശാനന്ദ, പിന്നീട് ഉറക്കത്തിനിടെ ആരോ ആക്രമിച്ചെന്ന് മാറ്റിപ്പറഞ്ഞു.
# പിന്നാലെ, ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയ്യപ്പദാസാണ് സ്വാമിയെ കൊല്ലാൻ ശ്രമിച്ചതെന്നും കാട്ടി പെൺകുട്ടി പൊലീസിനെ സമീപിച്ചു.
#കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.