തിരുവനന്തപുരം: സ്കൂൾ സമയമായ രാവിലെ 8 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയും എത്ര ശ്രദ്ധിച്ചാലും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകും. എന്നാൽ, അതിനിടയിൽ കൂടി വഴി നീളെ കുഴിച്ചിട്ടാലോ? ഗതാഗതക്കുരുക്ക് ഇരട്ടിയാകും. ഇന്നലെ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമായപ്പോൾ നഗരം ഗതാഗതക്കുരുക്കിൽ അമർന്നതിന്റെ പ്രധാന കാരണം അവിടവിടെയായി എടുത്തിട്ടിരിക്കുന്ന 'സ്മാർട്ട് ' കുഴികൾ തന്നെയാണ്.
ഇവ ഗതാഗതക്കുരുക്കിനൊപ്പം അപകടക്കെണികൾ കൂടിയാണ്. ശ്രദ്ധ ഒന്ന് പാളിയാൽ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ചിലത് സ്കൂളുകളോട് ചേർന്ന് വരുന്നതിനാൽ സ്കൂളിന് മുന്നിൽ വാഹനം നിറുത്താനോ കുട്ടിയെ ഇറക്കാനോ കഴിയുന്നില്ല. തിരക്കുള്ള റോഡിൽ ഒരു വശത്ത് വാഹനം പാർക്ക് ചെയ്ത് കുട്ടിയെ സ്കൂളിലാക്കിയിട്ട് വരുമ്പോഴേക്കും അവിടൊരു ഗതാഗതക്കുരുക്ക് രൂപപ്പെടും. നഗരത്തിലെ പ്രധാന ഭാഗങ്ങളിലൊക്കെ സ്മാർട്ട് സിറ്റിയുടെ ഭാഗമായി റോഡ് കുഴിച്ചിട്ട് നാളേറെയായെങ്കിലും പണി ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്.
കരാറുകാരുടെ താത്പര്യത്തിനനുസരിച്ച് മാത്രമാണ് പണികൾ മുന്നോട്ടു പോകുന്നതെന്ന പരാതിയുമുണ്ട്. ഒൻപത് വാർഡുകളിലെ 41 ചെറു റോഡുകളടക്കം 46 കിലോമീറ്റർ റോഡാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. എത്രയും വേഗം പണി പൂർത്തിയാക്കിയില്ലെങ്കിൽ 'സ്മാർട്ട് ' കുഴി ഒരു വാരിക്കുഴിയാകുമെന്നുറപ്പാണ്.