തിരുവനന്തപുരം: പൊലീസിലെ വനിതാ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് ലൈംഗിക ചൂഷണമടക്കം നേരിടേണ്ടി വരുന്നുണ്ടെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പറയുന്ന ഡി.ഐ.ജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമായിരുന്നു. അത് ചെയ്യാത്തതിനാൽ മുഴുവൻ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സംശയ നിഴലിലാക്കിയെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫേസ്ബുക്കിൽ കുറിച്ചു. ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ല? വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണ് പ്രസ്താവന. രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലായിരുന്നു വെളിപ്പെടുത്തൽ. പൊലീസ് സംഘടനകൾക്കെതിരായ വിമർശനവും അടിസ്ഥാനരഹിതമാണ്. സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസ്. സർവീസിലിരിക്കെ ഒന്നും ചെയ്യാതെ, വിരമിച്ചശേഷം അതിരുകടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും സി.ആർ. ബിജു കുറിച്ചു.