1

പൂവാർ: പൂവാർ പൊഴിക്കര ഗോൾഡൻ ബീച്ചിൽ തിരയിലകപ്പെട്ട രണ്ടുപേരെ ലൈഫ്ഗാർഡുകൾ രക്ഷിച്ചു. ഡൽഹിയിൽ നിന്ന് പൂവാർ പൊഴിക്കര കാണാനെത്തിയ ഹർഷ (20), ലക്ഷ്മി (24 ) എന്നിവരാണ് തിരയിൽപ്പെട്ടത്. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ വർഗ്ഗീസ്, സുരേന്ദ്രൻ എന്നീ ലൈഫ്ഗാർഡുകളാണ് സാഹസികമായി കുട്ടികളെ രക്ഷിച്ചത്. ഡൽഹി സ്വദേശികളായ ഇവരുടെ കുടുംബം ബ്രേക്ക് വാട്ടറിൽ ബോട്ട് സവാരി കഴിഞ്ഞ് ബീച്ചിൽ ഉല്ലസിച്ചുകൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. കുറച്ച് നാളുകളായി കടൽ ഉൾവലിഞ്ഞ് കാണപ്പെടുന്നതിനാൽ തിരകൾക്ക് ശക്തി കൂടുതലാണ്. തീരം മണൽകൂനകളാൽ ഉയർന്നിട്ടുമുണ്ട്. ഇത് അപകടസാദ്ധ്യത കൂട്ടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെയും കോസ്റ്റൽ പൊലീസിന്റെയും കർശന നിർദേശങ്ങളെ അവഗണിച്ചാണ് ടൂറിസ്റ്റുകൾ കടലിൽ ഇറങ്ങുന്നതെന്നും ലൈഫ് ഗാർഡുകൾ പറയുന്നു. കൂടുതൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് അവരുടെ ആവശ്യം.