dhauvachapuram-steshan

പാറശാല: പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ദൈനംദിന യാത്രക്കാരെ അനന്തപുരിയിലേക്ക് എത്തിക്കുന്ന പാസഞ്ചർ ട്രെയിനുകൾ വീണ്ടും ധനുവച്ചപുരത്തും അമരവിളയിലും നിറുത്തിത്തുടങ്ങി.കൊവിഡ് മഹാമാരിയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചെങ്കിലും ദൈനംദിന യാത്രക്കാർ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകൾക്ക് ധനുവച്ചപുരം, അമരവിള എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പുനരാരംഭിച്ചിരുന്നില്ല.

ട്രെയിനുകൾ നിറുത്താതെയായതോടെ ദുരിതത്തിലായ യാത്രക്കാരുടെ വിഷയം സ്പോർട്സ്, റെയിൽവേ വകുപ്പ് മന്ത്രി അബ്ദു റഹിമാന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, ഡിവിഷണൽ റെയിൽവേ യാത്രക്കാരുടെ കൺസൾട്ടിവേറ്റിവ് കമ്മിറ്റിയിലും അവതരിപ്പിക്കുകയായിരുന്നു.തുടർന്ന് മന്ത്രി വിളിച്ചുചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് പാസഞ്ചർ ട്രെയിനുകൾക്ക് ധനുവച്ചപുരം, അമരവിള എന്നീ സ്റ്റേഷനുകളിലുണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിച്ചത്.