1

പോത്തൻകോട്: മംഗലപുരം സ്റ്റേഷൻ പരിധിയിൽ വില്പനയ്ക്കെത്തിച്ച നിരോധിത സിന്തറ്റിക്ക് മയക്കുമരുന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി റഫീഖാണ് (22) മംഗലപുരം പൊലീസിന്റെ പിടിയിലായത്.

ബൈക്കിൽ ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പള്ളിമുക്ക് സ്വദേശി അൽത്താഫ് ഓടിരക്ഷപ്പെട്ടു.

കഴക്കൂട്ടം, മംഗലപുരം, മുരുക്കുംപുഴ തുടങ്ങിയ ഭാഗങ്ങളിൽ എം.ഡി.എം.എയുടെ ചില്ലറ വില്പനക്കാരാണ് ഇവരെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മംഗലപുരം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് കവറിനുള്ളിൽ 12 പൗച്ചുകളിലായി നിറച്ച 5 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങി കേരളത്തിലെത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. രക്ഷപ്പെട്ട അൽത്താഫിനെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായി മംഗലപുരം പൊലീസ് പറഞ്ഞു.