
തിരുവനന്തപുരം : എരിയുന്ന വെയിലിൽ ജനറൽ ആശുപത്രിയിലെ കാഷ് കൗണ്ടറിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട ക്യൂ. രണ്ട് കൗണ്ടറുണ്ടെങ്കിലും പ്രവർത്തിക്കുന്നത് ഒന്നു മാത്രം. പ്രവർത്തനരഹിതമായിരുന്ന കൗണ്ടറിൽ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഉറങ്ങിയ ജീവനക്കാരിയോട് കാര്യം തിരക്കിയ മന്ത്രി വീണാ ജോർജിനോട് 11മാസമായി കമ്പ്യൂട്ടർ കേടായെന്ന് കള്ളം തട്ടിവിട്ടു. മന്ത്രി ഉടൻ സൂപ്രണ്ടിനെയും ബന്ധപ്പെട്ടവരെയും വിളിപ്പിച്ചപ്പോൾ കമ്പ്യൂട്ടർ ഓണായി. പിന്നാലെ ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശവും നൽകി. ഇന്നലെ രാവിലെ മന്ത്രി ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനത്തിനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂവുണ്ടെങ്കിലും ഒരെണ്ണം മാത്രമാണുള്ളതെന്ന് ക്യൂവിൽ നിന്നവർ പരാതി പറഞ്ഞതോടെ മന്ത്രി നോക്കിയപ്പോഴാണ് ഡ്യൂട്ടിയിലുള്ള രണ്ടുപേരിൽ ഒരാൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഉറങ്ങുന്നത് കണ്ടത്. ഇതോടെ ജീവനക്കാരിയോട് വിവരം തിരക്കി. മറുപടിയിൽ തൃപ്തയാകാതെ മന്ത്രി സാങ്കേതിക വിദഗ്ദ്ധരായ ഇ-ഹെൽത്തിന്റെ ജീവനക്കാരെ വിളിപ്പിച്ചപ്പോഴാണ് കമ്പ്യൂട്ടറിന് തകരാറില്ലെന്ന് വ്യക്തമായത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജീവനക്കാരിയെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തുകയും ചെയ്തു. ആശുപത്രിയിലെ വിവിധയിടങ്ങൾ സന്ദർശിച്ച മന്ത്രി അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയുംവേഗം പ്രവർത്തനസജ്ജമാക്കാനും നിർദേശിച്ചു. സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തിട്ടും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു.തടസങ്ങൾ നീക്കി അവർക്ക് സർട്ടിഫിക്കറ്റ് നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ വി.ആർ.രാജു മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ന്യൂറോളജി ഒ.പി വീണ്ടും
കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്ന ന്യൂറോളജി ഒ.പി ചൊവ്വാഴ്ചകളിൽ വീണ്ടും പുനസ്ഥാപിക്കാൻ തീരുമാനിച്ചു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.ന്യൂറോളജി ഐ.പി, ഐ.സി.യു പ്രവർത്തനം നാളെ മുതൽ ആരംഭിക്കണമെന്ന് ന്യൂറോ കൺസൾട്ടന്റ് ഡോ.മുരുകൻ.സി.നായർക്ക് സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ.ഷീല.എസ് നിർദ്ദേശം നൽകി.