തിരുവനന്തപുരം: വീട്ടിൽ അപരിചിതരായ ചെറുപ്പക്കാരെ കണ്ടത് ചോദ്യം ചെയ്‌ത യുവാവിനെ സഹോദരി ചിരവ കൊണ്ട് തലയ്‌ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങാനൂർ പുല്ലാനിമുക്ക് ആഞ്ജനേയം വീട്ടിൽ ശിവപ്രസാദാണ് (35) പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബീനയെ (49) പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. വെങ്ങാനൂരിലെ ബീനയുടെ വീട്ടിൽ അപരിചിതരായ ചെറുപ്പക്കാരെ കണ്ട് ശിവപ്രസാദ് ബീനയോട് കയർത്ത് സംസാരിച്ചു. പിന്നാലെ ചെറുപ്പക്കാരുമായി അടിപിടിയുണ്ടായി. ശിവപ്രസാദ് മർദ്ദിച്ചതിന്റെ ദേഷ്യത്തിലാണ് ബീന ചിരവെയെടുത്ത് ശിവപ്രസാദിന്റെ തലയ്‌ക്കടിച്ചത്. നാട്ടുകാർ വിവരമറിയച്ചതനുസരിച്ച് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. തന്നെ മർദ്ദിച്ചതിനെ തുടർന്നാണ് ചിരവയെടുത്ത് അടിച്ചതെന്ന് ബീന പൊലീസിന് മൊഴി നൽകി. ബീനയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

വീട്ടിലെത്തിയ യുവാക്കളാണോ ആക്രമിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും വെങ്ങാനൂരിൽ ഒരുമിച്ച് മലക്കറി കച്ചവടം നടത്തിവരികയാണ്. ശിവപ്രസാദിന്റെ മൊഴിയെടുത്താലേ സംഭവത്തിന് കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. ബീനയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.