തിരുവനന്തപുരം: തലശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത്. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കണം. പ്രകോപനത്തിൽ വീഴാതെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണം.ഹരിദാസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
അരാജകത്വം സൃഷ്ടിക്കാൻ
ശ്രമം: കോടിയേരി
തിരുവനന്തപുരം: കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിന്റെ കൊലയിലൂടെ വ്യക്തമാകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹരിദാസിനെ ക്രൂരമായി കൊലപ്പെടുത്തിയത് പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ്.
കൊല ആസൂത്രിതം:
എം.വി. ജയരാജൻ
കണ്ണൂർ:സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ആർ. എസ്. എസ് സംഘമാണെന്നും തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അതിനു കാരണമായതെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു.ആസൂത്രിതമായാണ് കൊല നടത്തിയത്.
തലശേരി മേഖലയിൽ നിരന്തരമുണ്ടാകുന്ന ആർ.എസ്.എസ് ആക്രമണത്തിൽ ഭൂമിയോളം താഴ്ന്ന് സി.പി.എം ക്ഷമിക്കുകയാണ്.കൊലപാതകം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ജയരാജൻ ആരോപിച്ചു.
ബി.ജെ.പിക്ക് ബന്ധമില്ല:
കെ.സുരേൻ
കോഴിക്കോട്: തലശേരിയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിൽ ബി.ജെ.പിക്കോ ആർ. എസ്.എസിനോ ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രാദേശികമായ പ്രശ്നമാണ്. പൊലീസ് സമഗ്ര അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സി.പി.എം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർ. എസ്.എസിനെതിരെ വന്നിരിക്കുന്നത്. ഹരിപ്പാട് ആർ.എസ്.എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സി.പി.എം ക്രിമിനലുകളാണ്.
ക്രമസമാധാനം തകർന്നു:
വി.ഡി.സതീശൻ
തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു.ആർ.എസ്.എസ്- സി.പി.എം പോർവിളി കണ്ണൂരിനെ നേരത്തേയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. - പ്രതിപക്ഷനേതാവ് പറഞ്ഞു.
ചോരക്കളമാക്കുന്നു:
കെ.സുധാകരൻ
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും കേരളത്തെ ചോരക്കളമാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നു. കൊല്ലും കൊലയും സർവസാധാരണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏതുസമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്. അക്രമങ്ങൾ തടയുന്നതിൽ പൊലീസും ആഭ്യന്തരവകുപ്പും സമ്പൂർണപരാജയമാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന സി.പി.എം ഭരിക്കുമ്പോൾ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാൻ സി.പി.എം, ബി.ജെ.പി നേതൃത്വങ്ങൾ തയ്യാറാകണം.