bo

വെഞ്ഞാറമൂട്:മാതൃഭാഷയോടുള്ള സ്നേഹം പുസ്തകവായന വഴി വളർത്തുന്നതിന് പുതിയ വഴി തേടുകയാണ് പാറയ്ക്കൽ യു.പി.എസ്. ഇതിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രാദേശിക സാഹിത്യകാരന്മാരെയും ഉൾപ്പെടുത്തി പാറയ്ക്കൽ വായനാസംഘം എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി.കൂട്ടായ്മയുടെ ഉദ്ഘാടനം ലോക മാതൃക മാതൃഭാഷാ ദിനത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. പഞ്ചായത്തംഗം സുധീഷ് അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക പി.വി. മഞ്ജു,എസ്.എം.സി ചെയർമാൻ ശിവപ്രസാദ്,പി.ടിഎ പ്രസിഡന്റ് അജിത് സിംഗ്,ദീപക്,ഷിജു ലാൽ,അമീർഖാൻ തുടങ്ങിയവർ സംസാരിച്ചു. വാട്സ്ആപ്പ് കൂട്ടായ്മയായി പ്രവർത്തിച്ചു തുടങ്ങുന്ന വായനസംഘം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുസ്തകപരിചയം,പുസ്തകനിരൂപണം,ചർച്ച, ക്ലാസുകൾ കഥ,കവിത,ആസ്വാദനം തുടങ്ങിയ പരിപാടികളിലൂടെ വായനാ സംസ്കാരം വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വായന സംഘത്തിന്റെ ആദ്യദിനം കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് എസ്.ആർ.ലാൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് ആദ്യ പുസ്തകം പരിചയപ്പെടുത്തി.