
കിളിമാനൂർ: ലോക മാതൃഭാഷാദിനത്തിൽ "തപ്പോ, തപ്പോ,തപ്പാണി,"എന്ന പേരിൽ മാതൃഭാഷാ ചുമർ ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ. കരുന്നുകളോടൊപ്പം ജനപ്രതിനിധികളും നാട്ടുകാരും രക്ഷാകർത്താക്കളും കൂടി പങ്കാളിയായതോടെ ഭാഷാദിനം നാടിന്റെ തന്നെ ആഘോഷമായി. അക്ഷരമിഠായി, ഭാഷാപ്രതിജ്ഞ, ഭാഷാകേളികൾ, കവിപരിചയം, കവിതാലാപനം, വായനവസന്തം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മാതൃഭാഷാ ദിനാചരണ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാറും ഭാഷാപ്രതിജ്ഞാഫലകം പ്രകാശനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ആർ. അഫ്സലും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.ബിനുകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രഥമാദ്ധ്യാപകൻ എ.ഇക്‌ബാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി നന്ദിയും പറഞ്ഞു.