nagarabus

വിതുര: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നെടുമങ്ങാട്-തൊളിക്കോട്- നാഗര ബസ് സർവീസ് പുനരാരംഭിച്ചു. തൊളിക്കോട് - തേവൻപാറ - തുരുത്തി - ഭദ്രംവച്ചപാറ - നാഗര റൂട്ടിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനാൽ 2020 മാർച്ചിലാണ് നിറുത്തലാക്കിയത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് തൊളിക്കോട് -നാഗര റൂട്ടിൽ വർഷങ്ങളായി ഓടിയിരുന്ന ഏക ബസ് സർവീസായിരുന്നു ഇത്. മികച്ച കളക്ഷനും ലഭിച്ചിരുന്നു.

ഇതോടെ നാഗര, ഭദ്രംവച്ചപാറ, തുരുത്തി പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ കാൽനട മാത്രമായി ശരണം. സർവീസ് നിലച്ചതുമൂലം വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടിലായി. കിലോമീറ്ററുകൾ നടന്നാണ് സ്കൂളുകളിലും മറ്റും എത്തിക്കൊണ്ടിരുന്നത്. ഈ റൂട്ടിൽ സ്വകാര്യവാഹനങ്ങൾ സർവീസ് നടത്തുന്നില്ല. യാത്രാക്ലേശം ചൂണ്ടിക്കാട്ടി അനവധി തവണ നാട്ടുകാർ നെടുമങ്ങാട് ഡിപ്പോ മേധാവികൾക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥികൾക്കു മുന്നിലും ബസ് സർവീസ് നിലച്ച കഥ വോട്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും അരങ്ങേറിയിരുന്നു. പല പ്രാവശ്യം നിവേദനങ്ങളും നൽകി.

വാർത്ത ഫലം കണ്ടു

നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് രണ്ട് പതിറ്റാണ്ടായി തൊളിക്കോട്, വിതുര, നന്ദിയോട്, ആനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന നാഗര - നെടുമങ്ങാട് ബസിന് മികച്ച കളക്ഷനാണ് ലഭിച്ചിരുന്നത്. മാത്രമല്ല ഭദ്രംവച്ചപാറ, കാലങ്കാവ് മേഖലയിൽ അധിവസിക്കുന്ന ആദിവാസികളുടെ ഏക അത്താണികൂടിയായിരുന്നു ബസ്. നാഗര ബസ് സർവീസ് നിലച്ചതുമൂലം നാട്ടുകാർ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ട് തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സർവീസ് ഉടൻ

ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പുളിച്ചാമല റസിഡന്റ്സ് അസോസിയേഷനും പുളിച്ചാമല സന്ധ്യാആർട്സ് ക്ലബും, സി.പി.എം പുളിച്ചാമല ബ്രാഞ്ച് കമ്മിറ്റിയും മന്ത്രിക്കും, എം.എൽ.എക്കും നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ജി. സ്റ്റീഫൻ എം.എൽ.എ കെ.എസ്.ആർ.ടി.സി അധികൃതരുമായി ചർച്ച നടത്തുകയും തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.