
കാലം മാറുമ്പോൾ പല മാറ്റങ്ങളും വരും. മാറ്റങ്ങളെ പൂർണമായും വിമുഖതയോടെ കാണുന്നവർ പല മേഖലയിലും പിന്തള്ളപ്പെട്ടു പോകും. ഉടനടി ഉണ്ടാകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ ഒരു ന്യൂനപക്ഷമേ ആദ്യം തയ്യാറാവുകയുള്ളൂ. കഴിഞ്ഞ രണ്ട് വർഷമായി അരങ്ങൊഴിയാതെ നിൽക്കുന്ന കൊവിഡ് അതിന് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത പല മാറ്റങ്ങൾക്കും ഇടയാക്കി. സ്കൂളിൽ പോകാതെ പോലും പഠിക്കാൻ കഴിയും എന്നത് അതിന് മുമ്പ് ആലോചിക്കാൻ പോലും ആകുമായിരുന്നില്ല. വളരെ സമയദൈർഘ്യമെടുത്ത് നടക്കേണ്ട മാറ്റങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടന്നത്. അതിന് കൂടുതൽ സഹായകമായത് ടെക്‌നോളജിയാണ്. ഇതിന്റെ തുടർച്ചയായുള്ള മാറ്റങ്ങളാവും തുടർന്ന് ഉണ്ടാവുക. ഓൺലൈൻ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ യു.ജി.സി തീരുമാനിക്കുകയാണ്.
ഇതിന്റെ ഭാഗമായി രാജ്യത്തെ 900 സ്വയംഭരണ കോളേജുകൾക്ക് ജൂലായ് മുതൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ യു.ജി.സി അനുമതി നൽകാനിരിക്കുകയാണ്. ഓഫ് ലൈൻ കോഴ്സുകളേതിന് തുല്യമായ അംഗീകാരം ഓൺലൈൻ പഠനത്തിനും ഉണ്ടാകും. മാർക്ക്, ഹാജർ, സിലബസ് തുടങ്ങിയവയിൽ ഇളവും നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ആദ്യ 100-ൽ ഇടംപിടിക്കുന്ന സ്വയംഭരണ കോളേജുകൾക്ക് യു.ജി.സിയുടെ മുൻകൂർ അനുമതി ഇല്ലാതെ പോലും പുതിയ ഓൺലൈൻ കോഴ്സുകൾ തുടങ്ങാനാവും. തുടക്കത്തിൽ സാങ്കേതികേതരവും ലാബ് സൗകര്യം ആവശ്യമില്ലാത്തതുമായ എല്ലാ വിഷയങ്ങളും ഓൺലൈനിൽ ലഭ്യമാക്കും.
മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ ഓഫ്‌ലൈനിൽ ലഭ്യമല്ലാത്ത വിഷയങ്ങളും പഠിപ്പിക്കാൻ അനുമതി നൽകാനാണ് യു.ജി.സി ആലോചിക്കുന്നത്. ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ രീതിക്ക് പല പരിമിതികളുമുണ്ട്. അതിൽ പലതിനെയും അതിജീവിക്കാൻ കഴിയുന്നതാണ് പുതിയ ഓൺലൈൻ മാറ്റങ്ങൾ.രാജ്യത്തെ എല്ലാ വലിയ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരങ്ങളിലോ അതിന്റെ പ്രാന്തപ്രദേശങ്ങളിലായോ ആണ് സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പട്ടണങ്ങളിലെത്താതെ ഇന്നത്തെ നിലയിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുക അസാദ്ധ്യമാണ്. അതാകട്ടെ ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്നതാണ്.
ബുദ്ധിയുടെയും പഠിക്കാനുള്ള താല്പര്യത്തിന്റെയും കാര്യത്തിൽ ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒട്ടും പിന്നിലല്ല. ഇന്ത്യയിൽ ഇന്ന് വലിയ പദവികളിൽ ജോലി ചെയ്യുന്നവരിൽ എൺപത് ശതമാനവും ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലെത്തി വിദ്യാഭ്യാസം നേടിയവരാണ്. നമ്മുടെ രാഷ്ട്രപതിമാരായവരിൽ കൂടുതൽ പേരും ഗ്രാമങ്ങളിൽ ജനിച്ച് അവിടെ ചെറിയ സ്കൂളുകളിൽ പഠിച്ച് മുന്നോട്ട് പോയവരാണ്. സാമ്പത്തിക ബാദ്ധ്യത താങ്ങാനാവാത്തതിനാൽ ഗ്രാമങ്ങളിലുള്ള എത്രയോ പേർ തുടർ വിദ്യാഭ്യാസം ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനൊക്കെ ഒരു വലിയ പരിധി വരെ ഓൺലൈൻ വിദ്യാഭ്യാസം പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ കോളേജുകളിൽ നിന്ന് മാത്രമല്ല വിദേശങ്ങളിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പോലും അവിടെ പോകാതെ ബിരുദം നേടാനുള്ള അവസരം കൂടിയാണ് ഇത് ഒരുക്കുന്നത്. ആ നിലയിൽ ഭാവിയിൽ അനേകം അവസരങ്ങളുടെ വാതിലുകളാവും ഓൺലൈൻ പഠന രീതിയുടെ തുടർച്ച വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നത്.