
പാലോട്: ബ്രൈമൂർ എസ്റ്റേറ്റിലെ തൊഴിലാളിവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു.ഇതിനെ തുടർന്ന് ബ്രൈമൂർ സന്ദർശിക്കാനെത്തിയ സഞ്ചാരികളെ തൊഴിലാളികൾ തടഞ്ഞ് തിരിച്ചയച്ചു. സന്ദർശകരെ രണ്ടു ദിവസങ്ങളിലായി തൊഴിലാളികൾ തടയുകയാണ്.
മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ചുള്ള സമരം പ്രശ്നപരിഹാരമാകുന്നതുവരെ തുടരുമെന്നും അതുവരെ സഞ്ചാരികളെ തടയുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. ബ്രൈമൂറിൽ നടക്കുന്നത് അനധികൃത ടൂറിസമാണെന്നും ടൂറിസത്തിന്റെ മറവിലുള്ള നിയമലംഘനങ്ങളെകുറിച്ച് അന്വേഷിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. 36 കുടുംബങ്ങളാണ് ലയങ്ങളിൽ താമസിക്കുന്നത്. തോട്ടങ്ങൾ മുഴുവൻ പാട്ടത്തിന് കൊടുത്തു തുടങ്ങിയതിനു ശേഷമാണ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്.തൊഴിലാളി നേതാക്കൾ മാനേജ്മെന്റുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും നിരാശയാണ് ഫലം. ഓരോ തൊഴിലാളി കുടുംബത്തിനും 2007 മുതൽ ഉള്ള ബാദ്ധ്യതകളും കുടിശ്ശികയും ക്ഷാമബത്തയും കൊടുത്തുതീർക്കാനുണ്ട്. മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ നൽകുക, മിനിമം കൂലി നടപ്പിലാക്കുക, പ്ലാന്റേഷൻ ലേബർ നിയമം നടപ്പിലാക്കുക, ലയങ്ങൾ താമസയോഗ്യമാക്കുക, കോൺട്രാക്ടർ ലേബർ സിസ്റ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്റ്റേറ്റ് എംപ്ളോയീസ് യൂണിയൻ സമരമാരംഭിച്ചത്.