street
'​സ്ട്രീ​റ്റ് ​ഫോ​ർ​ ​ഓ​ൾ​

തിരുവനന്തപുരം: നാടിന്റെ പൈതൃകത്തിന്റെയും സംസ്‌കൃതിയുടെയും ശേഷിപ്പായ തെരുവുകളെ സംരക്ഷിക്കാൻ സർക്കാർ 'സ്ട്രീറ്റ് ഫോർ ഓൾ" പദ്ധതി നടപ്പാക്കും. കോഴിക്കോടട്ടെ മിഠായി തെരുവ്, തിരുവനന്തപുരത്തെ ചാലക്കമ്പോളം, പാളയം കണ്ണിമേറ, തൃശൂരിലെ ചാലക്കുടിച്ചന്ത,​ എറണാകുളത്തെ ബ്രോഡ് വേ തുടങ്ങി ചരിത്രമുറങ്ങുന്ന തെരുവുകളാണ് പദ്ധതിയിലുള്ളത്. പദ്ധതി അടുത്ത സാമ്പത്തികവർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തെ പ്രധാന ടൗൺഷിപ്പുകളും നഗരങ്ങളും കേന്ദ്രീകരിച്ചുള്ള തെരുവുകളും പദ്ധതിയിലുണ്ടാകും. വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് തെരുവുകളുടെ വികസനം. പാർക്കിംഗ്, നടപ്പാത, വിശ്രമ കേന്ദ്രം, കളിസ്ഥലം എന്നിവ സജ്ജമാക്കി തെരുവിന്റെയും അവിടെയെത്തുന്ന സന്ദർശകരുടെയും സുരക്ഷയ്‌ക്കും പ്രാധാന്യം നൽകും.

മാർക്കറ്റുകൾക്ക് പുതുജീവൻ നൽകുന്നതിലൂടെ സംസ്‌കാരവും ചെറുകിട വ്യവസായങ്ങളും കൈത്തൊഴിലുകളും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. കൂടാതെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധിപ്പിച്ച് പ്രാദേശികമായ കലയെയും കൈത്തൊഴിലുകളെയും രുചി വിഭവങ്ങളെയും സംരക്ഷിക്കും. പൊതുമരാമത്ത് - ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ തദ്ദേശ - വ്യവസായ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പ്രാദേശിക - ജില്ലാ ഭരണകൂടങ്ങളുടെ പങ്കാളിത്തത്തോടെ രൂപരേഖ തയ്യാറാക്കും.

നടപ്പാക്കുന്ന പദ്ധതികൾ

 മൾട്ടിലെവൽ പാർക്കിംഗ്

 കാൽനട സൗഹൃദ പാതകൾ

 സൈക്കിൾ ട്രാക്ക്‌

 സൈക്കിൾ ഷെയറിംഗ് സിസ്റ്റം

 കുട്ടികളുടെ പാർക്ക്

 സ്ത്രീകൾക്കും മുതിർന്നവർക്കും സുരക്ഷാകേന്ദ്രം

 ഭക്ഷണശാല (ഓരോപ്രദേശത്തെയും നാടൻ വിഭവങ്ങളുൾപ്പെടുത്തും)

 ഭിന്നശേഷി സൗഹൃദം