
നിസാര പ്രശ്നങ്ങളുടെ പേരിൽ ഉടലെടുക്കുന്ന തർക്കങ്ങൾ രാഷ്ട്രീയ പകയിലേക്കും നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്കും വളരുന്നത് സംസ്ഥാനത്ത് ഇപ്പോൾ പതിവായി വരികയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഏറെ ദുഷ‌്‌പേരു കേൾപ്പിച്ചിട്ടുള്ള കണ്ണൂരിലെ തലശേരി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. ഉപജീവനത്തിനായി കടലിൽ മീൻപിടിക്കാൻ പോയി തിങ്കളാഴ്ച വെളുപ്പിന് വീട്ടിൽ മടങ്ങിയെത്തിയ ഹരിദാസൻ എന്ന അൻപത്തിനാലുകാരനെ രാഷ്ട്രീയ എതിരാളികൾ വീട്ടുമുറ്റത്തിട്ടു വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇരുപതിലേറെ വെട്ടും കുത്തുമേറ്റ നിലയിലാണ് അയാളെ ആശുപത്രിയിലെത്തിക്കുന്നത്. അവിടെ എത്തിയ ശേഷമാണത്രെ അറിയുന്നത് കാലുകളിലൊന്ന് ഒപ്പമില്ലെന്ന ഞെട്ടിക്കുന്ന സത്യം. അക്രമികൾ വെട്ടിയെറിഞ്ഞ ഇടതുകാൽ പിന്നീടു വീട്ടുവളപ്പിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. മനുഷ്യർക്ക് എത്രമാത്രം മൃഗീയമാകാൻ കഴിയുമെന്നതിന് ഇതിലധികം തെളിവു വേണ്ട. ഇങ്ങനെ പൈശാചികമാകാൻ വിധം രാഷ്ട്രീയപ്പക എങ്ങനെ മനുഷ്യമനസുകളെ കീഴടക്കുന്നു എന്നുള്ളത് ആശ്ചര്യം തന്നെയാണ്. സ്വന്തം ഗ്രാമത്തിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ചെറിയൊരു കശപിശയാണ് സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊലയിലേക്കു നയിച്ചതെന്ന് പറഞ്ഞുകേൾക്കുന്നു. ഏതു നിസാര വഴക്കും ആളിക്കത്തിക്കാൻ രാഷ്ട്രീയക്കാർ ഒപ്പം തന്നെയുണ്ടെന്നല്ലേ ഇതൊക്കെ വ്യക്തമാക്കുന്നത്. ഹരിദാസന്റെ ക്രൂര കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു.രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചുപേരടങ്ങിയ സംഘമാണ് കൊല നടത്തി ഓടിപ്പോയത്. ഇവരിൽ രണ്ടുപേരെ കണ്ടാൽ തിരിച്ചറിയാമെന്ന് കൊല്ലപ്പെട്ട ഹരിദാസന്റെ സഹോദരൻ സുരേന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ സുരേന്ദ്രനും പരിക്കേറ്റിരുന്നു.
കേവലം വ്യക്തിവൈരാഗ്യം വരെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കലാശിക്കുന്നുവെന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതി. തുടർച്ചയായ കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലുകളെത്തുടർന്ന് ശമനമായിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ മറനീക്കി അവ ഇപ്പോഴും പുറത്തുവരാറുണ്ട്. രാഷ്ട്രീയം തലയ്ക്കുപിടിച്ച് സ്വബോധം നഷ്ടമാകുന്നവർ ഇരുഭാഗത്തും ഉള്ളതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അണികളെ അടക്കിനിറുത്തുന്നതിൽ നേതൃത്വങ്ങൾക്കുണ്ടാകുന്ന വീഴ്ചയും ഇതിനു കാരണമായി പറയാം. ജീവിതത്തിന്റെ സകല ക്ളേശങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാധാരണ കുടുംബങ്ങളിൽപ്പെട്ടവരാണ് ഇത്തരം രാഷ്ട്രീയ കൊലകൾക്കിരയാകുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. രാഷ്ട്രീയാന്ധത ബാധിച്ച് സമനില നഷ്ടപ്പെട്ടു നടത്തുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്കിടെ ജീവൻ നഷ്ടപ്പെടുന്നവരെ ഓർത്തു ജീവിതകാലം മുഴുവൻ കരയേണ്ടിവരുന്ന സാധു കുടുംബാംഗങ്ങളുടെ കാര്യം ആദ്യനാളുകളിലെ ആവേശം കെട്ടടങ്ങുമ്പോൾ വിസ്മരിക്കാറാണു പതിവ്. കണ്ണൂർ ജില്ലയിൽ മാത്രം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ രാഷ്ട്രീയ വൈരം മൂത്ത് പരസ്പരം നടത്തിയ കൊലപാതകങ്ങൾ ഇരുനൂറ്റി അൻപതിലേറെയാണ്.
ഓരോ കൊല നടക്കുമ്പോഴും സമാധാന യോഗങ്ങളും പ്രതിജ്ഞയെടുക്കലും മുറ പോലെ നടക്കാറുണ്ട്. കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിച്ചു നൽകുമെന്നും മറ്റും പറയാറുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളിൽ നിയമം പലപ്പോഴും നേർവഴിക്കല്ല പോകാറുള്ളതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. രാഷ്ട്രീയ കൊലകൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കുറ്റവാളികളെ കൈകാര്യം ചെയ്യാൻ പൊലീസിന് പൂർണ അധികാരം നൽകണം. അന്വേഷണങ്ങളിൽ ഒരുവിധ ഇടപെടലുകളും ഉണ്ടാവുകയുമരുത്. രാഷ്ട്രീയം അരങ്ങുവാഴുന്ന ഇടങ്ങളിൽ സംഘർഷസാദ്ധ്യത മുൻകൂട്ടി അറിയാനും തടയാനും പൊലീസിന് കഴിയണം. അതിനു പ്രാപ്തരായവരെ തലപ്പത്തു നിയമിക്കണം. ചോര നീരാക്കി പണിയെടുത്ത് കുടുംബം പോറ്റുന്നവരെ വെട്ടിമുറിച്ചു കൊലപ്പെടുത്തുന്നതുകൊണ്ട് ഒരുവിധ രാഷ്ട്രീയ വിജയവും നേടാൻ പോകുന്നില്ലെന്ന് ഏവരും മനസിലാക്കണം. പാർട്ടി നേതൃത്വങ്ങൾ വേണം അതു സാദ്ധ്യമാക്കാൻ.