gh

 മാൻഹോൾ നിർമ്മാണവും ഇഴയുന്നു

തിരുവനന്തപുരം: സ്‌കൂൾ തുറന്നതോടെ​ നഗരത്തിലെ തിരക്കേറി. നഗരത്തിൽ പലയിടത്തും സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്‌മാർട്ട് സിറ്റിയുടെ ഭാഗമായുള്ള സ്‌മാർട്ട് റോഡുകൾക്കായുള്ള കേബിൾ തുരങ്കങ്ങളുടെ നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് കാരണം. കേബിൾ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നത് കാരണം വിദ്യാർത്ഥികൾക്ക് സമയത്ത് സ്കൂളിൽ എത്താൻ കഴിയുന്നില്ല.

പലയിടത്തും വൻ കുഴികളും രൂപപ്പെട്ടു. പണികൾ നടക്കുന്ന റോഡുകൾക്ക് സമീപത്ത് താമസിക്കുന്ന വീട്ടുകാരും കച്ചവടക്കാരും കഷ്ടത്തിലാണ്. നഗരത്തിലെ റോഡുകളിൽ ഭൂരിഭാഗത്തിനും വേണ്ടത്ര വീതിയില്ലാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

 മാൻഹോൾ നിർമ്മാണവും വൈകുന്നു

റോഡ് നിർമ്മിക്കുന്നതിനൊപ്പം ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിട്ടി മാൻഹോളുകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ,​ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത് തിരിച്ചടിയായിട്ടുണ്ട്. മാൻഹോളുകൾ പണിയുന്നതിനൊപ്പം റോഡുപണിയും നടത്താനാകില്ല. വാട്ടർ അതോറിട്ടി പണി തുടങ്ങിക്കഴിഞ്ഞാൽ അത് പൂർത്തിയായാൽ മാത്രമേ റോഡ് ടാർ ചെയ്യുന്നതടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ തുടരാനാവൂ. മാൻഹോളുകൾ നിർമ്മിക്കുന്നതിന് ടെൻഡർ വിളിച്ച് കോൺട്രാക്ടറെ ഏൽപ്പിക്കണം. ഇതിന് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതടക്കം ഒരാഴ്‌ചയെങ്കിലും എടുക്കും. ഇതുകൂടാതെ നിർമ്മാണ സാധനങ്ങൾക്കുള്ള ക്ഷാമവും ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തതും പണികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്.

 ഒരുമിച്ച് തുടങ്ങി,​ ഒരുമിച്ച് കുടുങ്ങി

എല്ലാ റോഡുകളുടെയും നിർമ്മാണം ഒരുമിച്ച് തുടങ്ങിയതാണ് നഗരത്തെ ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള കുരുക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതോടെ ലക്ഷ്യസ്ഥാനത്തെത്താൻ ചുറ്റിക്കറങ്ങേണ്ട ഗതികേടാണ് നഗരവാസികൾക്ക്.

നഗരത്തിലെത്താൻ ചുറ്റിക്കറങ്ങണം

ചാക്ക - പാളയം റോഡിൽ ജനറൽ ആശുപത്രി, എ.കെ.ജി സെന്റർ എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കെത്താനുള്ള എളുപ്പമാർഗമായ സ്‌പെൻസർ റോഡ് അടച്ചതോടെ എസ്.ബി.ഐ, കനറാ ബാങ്ക്, സിഡ്കോ ഓഫീസ്, ട്യൂട്ടേഴ്സ് ലൈൻ റസിഡന്റ്സ് അസോസിയേഷനുകളടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ദുഷ്‌കരമായി.

വഴുതക്കാട് നിന്ന് തമ്പാനൂരിലെത്താനുള്ള എളുപ്പമാർഗമായ കലാഭവൻമണി റോഡിലും സമാന അവസ്ഥയാണ്. മണ്ണ് നീക്കംചെയ്യാതെ ഇവിടങ്ങളിൽ കാൽനട പോലും ദുഷ്‌കരമാണ്. ഒരു വർഷം മുൻപ് ആരംഭിച്ച ഇവിടത്തെ പണി എങ്ങുമെത്തിയിട്ടില്ല. 100 മീറ്റർ മാത്രം നീളമുള്ള റോഡിനാണ് ഈ ദുരവസ്ഥ. വിമെൻസ് കോളേജ്,​ കോട്ടൺഹിൽ തുടങ്ങിയിടങ്ങളിലേക്കുള്ള വഴിയാണ് ഇത്തരത്തിൽ അടച്ചിട്ടിരിക്കുന്നത്. ഏപ്രിലോടെ രണ്ടാംഘട്ട പണികൾ തുടങ്ങുമ്പോൾ ദുരിതം ഇരട്ടിയാകും.

9 വാർഡുകൾ,​ 46 കി.മീ റോഡ്

കേരള റോഡ് ഫണ്ട് ബോർഡിന് കീഴിൽ മുംബയ് ആസ്ഥാനമായ ആർ.കെ. മദാനി ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌മാർട്ട്സിറ്റി പരിധിയിൽപ്പെട്ട നഗരത്തിലെ ഒമ്പത് വാർഡുകളിലെ 46 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഇതിൽ 28 കിലോമീറ്റർ വീതം പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ റോഡും 16 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡിനും (കെ.ആർ.എഫ്ബി) കീഴിലാണ്. 46 കിലോമീറ്റർ റോഡിൽ 10 കിലോമീറ്റർ റോഡ് കോർപ്പറേഷൻ പരിധിയിലാണ്. 36 കിലോമീറ്റർ റോഡ് റോഡ് ഫണ്ട് ബോർഡിന് കീഴിലും. ഇതിൽ 20 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന് കീഴിലും 16 കിലോമീറ്റർ റോഡ് ഫണ്ട് ബോർഡിന് കീഴിലുമാണ് വരുന്നത്.

നിർമ്മാണം നടക്കുന്ന പ്രധാന റോഡുകൾ

പനവിള - ആനിമസ്ക്രീൻ സ്ക്വയർ റോഡ് (കലാഭവൻമണി റോഡ്)​

ബേക്കറി - ഫോറസ്റ്റ് ഓഫീസ് റോഡ്

 സ്‌പെൻസർ ജംഗ്ഷൻ - എ.കെ.ജി റോഡ്

 മാനവീയം റോഡ്

സ്റ്രാച്യൂ - ജനറൽ ആശുപത്രി റോഡ്

കൈതമുക്ക് - പുന്നപുരം റോഡ്