
തിരുവനന്തപുരം: കൊവിഡിന്റെ തളർച്ചയും ക്ഷീണവുമകറ്റി സമ്പദ് വ്യവസ്ഥയെയും ടൂറിസത്തെയും ശക്തിപ്പെടുത്താൻ കൊവിഡാനന്തര ടൂറിസം പദ്ധതികളായി. വിദേശികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന വമ്പൻ പദ്ധതികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുക. ഈമാസം 25ന് ആദ്യ കാരവൻ പാർക്ക് വാഗമണിൽ ഉദ്ഘാടനം ചെയ്യുന്നതുൾപ്പെടെ കൊവിഡാനന്തര ടൂറിസത്തിന്റെ വളർച്ചയും വികാസവും മുന്നിൽകണ്ടുള്ള പരിപാടികളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്.
കൊവിഡിനെ കൂസേണ്ട
സഞ്ചാരികളിൽ കൊവിഡ് ഭയം അകറ്റി ആത്മവിശ്വാസമേകുന്ന കാമ്പെയിനുകൾ ടൂറിസം വകുപ്പ് ആരംഭിച്ചു. സംസ്ഥാന- ദേശീയതലങ്ങളിൽ റേഡിയോ , ഡിജിറ്റൽ-വെബ് പോർട്ടൽ കാമ്പെയിനുകൾ, സോഷ്യൽ മീഡിയാ പ്രമോഷൻ തുടങ്ങിയ പരിപാടികളാണ് ആരംഭിച്ചത്. കാഴ്ചകളിലെ മനോഹാരിതയ്ക്കൊപ്പം ടൂറിസം കേന്ദ്രങ്ങൾ കൊവിഡ് വിമുക്തമാണെന്ന സന്ദേശം സഞ്ചാരികൾ ലൈവായി സമൂഹമാദ്ധ്യമങ്ങളിൽ നൽകും. ഹോട്ടലും ടാക്സിയും ടൂറിസം വകുപ്പ് ജീവനക്കാരുമടക്കം സമ്പൂർണ വാക്സിനേഷന് വിധേയരാണെന്ന സന്ദേശത്തിലൂടെ ടൂറിസ്റ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആശങ്കകളകറ്റി അവരെ ഇവിടേക്ക് കൊണ്ടുവരാനും കഴിയും.
കൊവിഡിനെ ഭയന്ന് കഴിഞ്ഞ ഒന്നരവർഷമായി വീട്ടിലിരുന്ന് വർക്ക് ചെയ്ത് ബോറടിച്ചവരുടെ ബോറടിമാറ്രാനും ജോലിക്കിടയിലും സകുടുംബം ഉല്ലാസത്തിനുള്ള അവസരംകൂടി നൽകുന്നതാണ് വർക്കേഷൻ പാക്കേജ്.
ടൂറിസം മുതൽ ഉത്സവങ്ങൾ വരെ
കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ പ്രധാന സീസൺ കഴിഞ്ഞെങ്കിലും മൺസൂൺവരെ ശേഷിക്കുന്ന മാസങ്ങളിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻമുടി ഇക്കോടൂറിസം തുറന്ന് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മറ്റ് പ്രധാന വിനോദ സഞ്ചാര മേഖലകളായ കോവളം, വർക്കല, ഇടവ,ശംഖുംമുഖം, വേളി, ആക്കുളം എന്നിവിടങ്ങളിൽ സ്കൂബാ ഡൈവിംഗ്, പാരാസെയിലിംഗ്, കയാക്കിംഗ്, സർഫിംഗ് തുടങ്ങിയ വിനോദങ്ങളും അവയുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഭൂപ്രകൃതിക്കനുസരിച്ച് ടെന്റ് ക്യാമ്പുകൾ,വയനാട് പോലുള്ള ജില്ലകളിൽ കുട്ടവഞ്ചി, കളിവഞ്ചി , വിവിധ തരം റോപ്പ് ആക്ടിവിറ്റികൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഓരോ പ്രദേശത്തെയും പ്രധാന ഉത്സവങ്ങളെ ടൂറിസത്തിന്റെ ഭാഗമാക്കി സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.
കൊവിഡിന് മുമ്പുണ്ടായിരുന്ന ടൂറിസം വരുമാനം : 45,000കോടി രൂപ
നിലവിലെ ടൂറിസം വരുമാനം: 10,000 കോടി രൂപ