
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ റെയിൽവേ പാതയ്ക്ക് ബദലല്ല സിൽവർലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബദലുകൾ പലതും പരിശോധിച്ചെങ്കിലും സിൽവർ ലൈനിനെക്കാൾ മികച്ചതൊന്നം കണ്ടെത്തിയില്ല. നിലവിലെ പാത നവീകരിച്ച് വേഗംകൂട്ടൽ അപ്രായോഗികമാണ്. തിരുവനന്തപുരം- കാസർകോട് പാതയിൽ 626 വളവുകളാണുള്ളത്. ട്രെയിൻ സർവീസിനൊപ്പം ഇവ നിവർത്തിയെടുക്കുന്നതിന് രണ്ടു ദശാബ്ദം വേണം. 19 കിലോമീറ്റർ മാത്രമാണ് ഇനി പാത ഇരട്ടിപ്പിക്കാനുള്ളത്. എന്നിട്ടും സംസ്ഥാനത്തോടുന്ന ട്രെയിനുകളുടെ വേഗത കൂടുകയോ ട്രെയിനുകളുടെ എണ്ണം കൂടുകയോ ചെയ്തിട്ടില്ല.
സിൽവർലൈനിന്റെ ഡി.പി.ആർ തയ്യാറാക്കിയ സിസ്ട്ര പാരിസ് എന്ന ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി നൽകിയിട്ടുണ്ട്. ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി കത്തിടപാടുകൾ നടക്കുകയാണ്. വർക്കിംഗ് ഷീറ്റ്, കഡാസ്ട്രൽ മാപ്പ് എന്നിവ റെയിൽവേക്ക് വീണ്ടും സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിവരങ്ങൾ ഡി.പി.ആറിന്റെ ഭാഗമല്ല. പദ്ധതിക്ക് ചെലവായി കണക്കാക്കുന്ന 63,941 കോടിയിൽ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ രണ്ടുമുതൽ മൂന്നുലക്ഷം കോടിയുടെ വർദ്ധന പ്രതീക്ഷിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം 20-30 ശതമാനം വർദ്ധന.
ഒന്നും മറച്ചുവയ്ക്കാനില്ല
ചെലവും സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ അതിവേഗ ട്രെയിൻ അനുകൂലമല്ല. സെമി ഹൈസ്‌പീഡ് ട്രെയിനുമായി താരതമ്യം ചെയ്യുേമ്പാൾ അതിവേഗ ട്രെയിനിന് ഇരട്ടി മുതൽമുടക്കു വേണ്ടി വരും. സിൽവർലൈനിൽ സർക്കാരിനൊന്നും മറച്ചുവയ്ക്കാനില്ല. റെയിൽവേ പദ്ധതികളിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ഇതിനോടകം എല്ലാവർക്കും അനുഭവമുള്ളതാണ്. റെയിൽ ആവശ്യങ്ങൾ ‘കേരളം അങ്ങ് പറയേണ്ട താമസം, കേന്ദ്രം അപ്പോൾ തന്നെ നടപ്പാക്കുകയല്ലേ’. അനുഭവങ്ങൾ കണ്ടെങ്കിലും പഠിക്കണം. ശബരി റെയിലും നേമം ടെർമിനൽ വകസനവുമെല്ലാം ഇതിനുദാഹരണമാണ്.
ഗ്രാമീണ റോഡുകൾ നഷ്ടമാകില്ല
സിൽവർലൈനിൽ മൊത്തം എംബാങ്ക്മെന്റായ 292 കിലോമീറ്റിറിൽ 33.6 കിലോമീറ്റർ മാത്രമാണ് ഏഴുമീറ്റർ കൂടുതൽ ഉയരത്തിൽ നിർമ്മിക്കുക. എന്നാൽ ഇത് ഒരുമിച്ചല്ല, പലഭാഗങ്ങളിലായാണ്. പദ്ധതി വരുന്നതോടെ ഗ്രാമീണ റോഡുകളൊന്നും നഷ്ടമാകില്ല. എംബാങ്ക്മെന്റിൽ ഒാരോ 500 മീറ്ററിലും മുറിച്ചു കടക്കാനുള്ള പാസേജുകളുണ്ടാകും. എംബാങ്ക്മെന്റ് കേരളത്തെ വെട്ടിമുറിക്കുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യില്ല. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനുള്ള ചാലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.