കിളിമാനൂർ:മടവൂർ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിലെ തർക്കങ്ങൾ തെരുവിൽ കയ്യാങ്കളിയിലേക്ക്.കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയെ തുടർന്നുണ്ടായ സംഭവങ്ങളാണ് സംഘർഷാവസ്ഥയിലേക്കെത്തിയത്.പഞ്ചായത്ത് കമ്മിറ്റി അജൻഡയിൽ ഇല്ലാതിരുന്ന വിഷയങ്ങൾ ചർച്ചയ്ക്കെടുക്കാൻ പ്രസിഡന്റ് തീരുമാനിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ എ.ഹസീനയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തുകയും ചെയ്തു.

തോളൂരിൽ അനുവദിക്കപ്പെട്ട അങ്കണവാടി, അവിടെയുണ്ടായ കെട്ടിടത്തിൽ പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.ഈ ആവശ്യം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ, സി.പി.എം ഭരണസമിതി നിരാകരിക്കുകയുണ്ടായി.ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾകൂടി കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെട്ടതോടെ ഭരണസമിതിയിലെ ഭിന്നത പുറത്താവുകയും ചെയ്തു.കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടിയിലെ തന്നെ മറ്റൊരു വിഭാഗം മത്സരരംഗത്ത് വരികയുണ്ടായി. ഈ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തതോടെ സി.പി.എമ്മിന്റെ നില പരുങ്ങലിലായി തുടർന്ന് സി.പി.എം ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ബിജെപി പിന്തുണ നൽകുകയും രണ്ട് വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കുകയുമാണുണ്ടായത്.പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പതിമ്മൂന്നാം വാർഡിലെ ഗ്രാമസഭ യോഗത്തിലെ തീരുമാനം വായിക്കുന്നതിനു പകരം ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ കത്ത് വായിക്കാനും മുൻ കമ്മിറ്റി നിരാകരിച്ച ജനസേവന കേന്ദ്രത്തിനായുള്ള വനിത ഗുണഭോക്തൃലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ് നിലനിൽക്കേ പ്രത്യേകം തയ്യാറാക്കി അംഗീകരിക്കാൻ ശ്രമിച്ചതോടെയാണ് കമ്മിറ്റി അലങ്കോലമായത്.

കമ്മിറ്റിയിൽ അദ്ധ്യക്ഷ വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് വനിതാ അംഗത്തിനെതിരെ അംഗവിക്ഷേപം നടത്തിയെന്നും തുടർന്ന് താൻ കമ്മിറ്റി ബഹിഷ്ക്കരിച്ചുവെന്നും ഹസീന പറയുന്നു. യോഗാനന്തരം പഞ്ചായത്ത് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് സി.പി.എം പൊലീസിൽ പരാതി നൽകുകയും പ്രകടനം നടത്തുകയും ചെയ്തു.

വനിതാ അംഗത്തെ അധിക്ഷേപിച്ചതിനെത്തുടർന്ന് കോൺഗ്രസും പരാതി നൽകി. തുടർന്ന് വൈകുന്നേരം മടവൂർ ജംഗ്ഷനിൽ വാഹനത്തിൽ ഇരിക്കുകയായിരുന്ന ഹസീനയെ ഡി.വൈ.എഫ്.ഐ നേതാക്കൾ വാഹനം വളഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും തെറിവിളിക്കുകയും ചെയ്തു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു.