pinarai-vijayan

തിരുവനന്തപുരം: കണ്ണൂർ 'ക്രൈം കാപ്പിറ്റൽ' ആയി എന്ന പരാമർശം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ക്രമസമാധാന രംഗത്ത് മികവാർന്ന നാടായി കേരളത്തെ രാജ്യം അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ കണ്ണൂർ ജില്ലയെ ക്രൈം കാപ്പിലായി വിലയിരുത്തിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അംഗം ഉദ്ദേശിച്ചത് കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ചായിരിക്കാം. അതി പൈശാചികമായാണ് മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിന്റെ അർത്ഥം കണ്ണൂർ ആകെ കലാപഭൂമിയാണ് എന്നല്ല. അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

' ശ്രീലേഖ ഒന്നും പറഞ്ഞിട്ടില്ല'

പൊലീസ് സേനയിൽ തെറ്റായ നടപടിയോ മോശം പ്രവണതയോ ഉണ്ടായിരുന്നതായി മുൻ ഡി.ജി.പി ശ്രീലേഖ തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി, തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശ്രീലേഖ സർവീസിലുണ്ടായിരുന്ന കാലത്ത് തിരുവഞ്ചൂരും ആഭ്യന്തര മന്ത്രിയായിരുന്നു. ഏതുകാലത്താണ് അവർക്ക് മോശം അനുഭവമുണ്ടായത് എന്ന് അവർ പറഞ്ഞിട്ടില്ല. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് അവർ കൂടുതൽ വ്യക്തമാക്കിയാലേ അതേക്കുറിച്ച് പറയാനാവൂ. അതേസമയം അവർക്ക് ചില ആഗ്രഹങ്ങളുണ്ടായിരുന്നു, അത് തന്നോട് പറഞ്ഞിട്ടുമുണ്ട്. ഏത് പൊലീസ് ഓഫീസർക്കും ഉണ്ടാകുന്ന ആഗ്രഹങ്ങളാണവ. അതുകൊണ്ട് അതിനെ കുറ്റം പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.