niyamasabha

തിരുവനന്തപുരം: ഭൂമി തരംമാറ്റാൻ ജനുവരി 31വരെ ലഭിച്ച 1.12ലക്ഷം അപേക്ഷകൾ ആറു മാസം കൊണ്ട് തീർപ്പാക്കാനുള്ള പദ്ധതി സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു. ആയിരത്തോളം ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചും സ്ഥലപരിശോധനയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയും റവന്യു വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി കെ. രാജൻ അറിയിച്ചു. അപേക്ഷകൾ സാങ്കേതികതയിൽ കുരുങ്ങാതിരിക്കാൻ നടപടിക്രമങ്ങളുടെ പൊതുമാനദണ്ഡം പുറപ്പെടുവിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഭൂമി തരം മാറ്റത്തിനുള്ള ഒന്നര ലക്ഷത്തോളം അപേക്ഷകൾ വിവിധ വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന കാര്യം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തരം മാറ്റൽ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നടപടി വരുമെന്ന് കഴിഞ്ഞ 19 നും കേരളകൗമുദി റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകളുടെ തുടർച്ചയെന്നോണമാണ് ഇന്നലെ നിയമസഭയിൽ മന്ത്രിയുടെ പ്രഖ്യാപനം വന്നത്.

രണ്ടായിരത്തിലേറെ അപേക്ഷകൾ തീർപ്പാക്കാനുള്ള റവന്യു ഡിവിഷണൽ ഓഫീസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, രണ്ട് ക്ലാർക്ക്, ഒരു ഡേറ്റാഎൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ നിയമിക്കും. അയ്യായിരത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്ന 9 ആർ.ഡി.ഓഫീസുകളിൽ ഒരു ജൂനിയർ സൂപ്രണ്ടിനെയും നാല് ക്ലാർക്കുമാരെയും ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിക്കും. ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ അപേക്ഷകളുള്ളിടത്ത് രണ്ട് ക്ലാർക്ക് ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കും. ആയിരത്തിൽ താഴെ അപേക്ഷകളുള്ളിടത്ത് നിലവിലെ ജീവനക്കാർക്കു പുറമെ വകുപ്പിനുള്ളിൽ നിന്നുതന്നെ അധിക ജീവനക്കാരെ വിന്യസിക്കും. നൂറിലേറെ അപേക്ഷകളുള്ള വില്ലേജുകളിൽ ഭൂമിയുടെ തരംമാറ്റലിനായി മാത്രം ക്ലാർക്കിനെ നിയമിക്കും. 18ആർ.ഡി.ഒകളിലെ 51താലൂക്കുകളിൽ ഒരു ക്ലാർക്ക്, മൂന്ന് സർവേയർ എന്നിങ്ങനെ നിയമിക്കും. ആകെ 18ജൂനിയർ സൂപ്രണ്ട്, 819ക്ലാർക്ക്, 153 സർവേയർ അധിക തസ്തികകൾ സൃഷ്ടിക്കും.

സ്ഥല പരിശോധനയ്ക്ക് വില്ലേജുകളിൽ വാഹനസൗകര്യമില്ലാത്ത പ്രശ്നം പരിഹരിക്കാൻ രണ്ട് വില്ലേജുകൾക്ക് ഒരു വാഹനമെന്ന കണക്കിൽ 680വില്ലേജുകളിൽ വാഹനം അനുവദിക്കും. 5.99കോടി ചെലവിട്ട് കമ്പ്യൂട്ടർ, സ്കാനർ, പ്രിന്റർ എന്നിവ വാങ്ങും. ആറുമാസത്തേക്ക് എല്ലാ നടപടികൾക്കുമായി 31.61കോടി രൂപയാണ് ചെലവ്.

''സംസ്ഥാനത്ത് 25ലക്ഷം നെൽവയൽ പുരയിടമായി മാറി. നൂറുവർഷം മുൻപ് ഭൂമിയുടെ സെറ്റിൽമെന്റ് നടന്നപ്പോൾ 30ലക്ഷം ഏക്കർ നെൽവയലുണ്ടായിരുന്നു. ഇന്ന് 5ലക്ഷം ഏക്കർ മാത്രമാണ്. പുരയിടമായി മാറിയതിൽ മിക്കതും വില്ലേജ് രേഖകളിൽ നിലമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

-റവന്യു മന്ത്രി കെ. രാജൻ