കടയ്ക്കാവൂർ: കൊവിഡിന്റെ പേരിൽ കടയ്ക്കാവൂർ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളെ കെ.എസ്.ആർ.ടി.സി അവഗണിക്കുന്നതായി പരാതി. ലോക്ക് ഡൗണിന് മുൻപ് നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ കടയ്ക്കാവൂർ വഴി സർവീസ് നടത്തിയിരുന്നു. എന്നാൽ നിലവിൽ ഒരു ബസ് പോലും ഇതുവഴി സർവീസ് നടത്തുന്നില്ല. കൊവിഡ് വ്യാപനം കുറഞ്ഞിട്ടും സർവീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാകാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. ആറ്റിങ്ങൽ - കടയ്ക്കാവൂർ - വർക്കല ചിറയിൻകീഴ് വഴി മെഡിക്കൽ കോളേജ്, വർക്കല ക്ഷേത്രം - കടയ്ക്കാവൂർ - ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ, ആറ്റിങ്ങൽ - മേൽകടയ്ക്കാവൂർ - കടയ്ക്കാവൂർ - ചിറയിൻകീഴ് വഴി തിരുവനന്തപുരം, കടയ്ക്കാവൂർ - ആലംകോട് വഴി കൊല്ലം, ആറ്റിങ്ങൽ - ചിറയിൻകീഴ് - കടയ്ക്കാവൂർ - മുതലപ്പൊഴി - കടയ്ക്കാവൂർ - ചിറയിൻകീഴ് വഴി മെഡിക്കൽ കോളേജ്, വെന്നികോട് - പണയിൽകടവ് - കടയ്ക്കാവൂർ - ചിറയിൻകീഴ് വഴി തിരുവനന്തപുരം, വർക്കല - കടയ്ക്കാവൂർ - ആറ്റിങ്ങൽ - ടെക്നോപാർക്ക് വഴി തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ, കാപ്പിൽ - വർക്കല - കടയ്ക്കാവൂർ - ആറ്റിങ്ങൽ - മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുള്ള രണ്ട് ഓർഡിനറി ബസുകൾ, ആറ്റിങ്ങൽ - കടയ്ക്കാവൂർ - വർക്കല - എറണാകുളം ഫാസ്റ്റ് പാസഞ്ചർ എന്നീ സർവീസുകൾ കടയ്ക്കാവൂർ വഴിയുണ്ടായിരുന്നതാണ്. ഇതു കൂടാതെ കടയ്ക്കാവൂർ - ആറ്റിങ്ങൽ - പാലോട് ബസിന് കടയ്ക്കാവൂരിൽ സ്റ്റേയുമുള്ളതായിരുന്നു.

അടിയന്തരമായി കടയ്ക്കാവൂരിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാരംഭിച്ച് യാത്രാക്ളേശം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.