
തിരുവനന്തപുരം: കേരള മീഡിയാ അക്കാഡമി വിജ്ഞാന നവോത്ഥാനം ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ക്വിസ്‌പ്രസ് " ഇന്റർസ്‌കൂൾ പ്രശ്‌നോത്തരി മന്ത്രി വി. ശിവൻകുട്ടി 25ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, കൈറ്റ് - വിക്ടേഴ്‌സ് സി.ഇ.ഒ ഡോ.അൻവർ സാദത്ത്,പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി.റെജി തുടങ്ങിയവർ പങ്കെടുക്കും.പൊതുവിദ്യാഭ്യാസവകുപ്പ്, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ച് ശാസ്ത്രം,വികസനം, മാദ്ധ്യമം എന്നിവയെ കേന്ദ്രീകരിച്ച് എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കാണ് മത്സരം സംഘടിപ്പിക്കുക. പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് നേരിട്ടുള്ള ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.ഒന്നാം സ്ഥാനക്കാർക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും അരലക്ഷം രൂപയുമാണ് സമ്മാനം.രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസ് യഥാക്രമം 30,000, 15,000 രൂപയുമാണ് സമ്മാനം.മത്സരങ്ങൾ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും. ജി.എസ്. പ്രദീപാണ് മത്സരം നയിക്കുന്നത്.