തിരുവനന്തപുരം: പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻ മണ്ണ്, കുന്നം ഭാഗത്ത് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നതിന് 2.85 കോടിയുടെ ഭരണാനുമതി നൽകി. ഉയർന്ന പ്രദേശങ്ങൾ ആയതിനാൽ മൺസൂൺ മാസങ്ങളിൽ പോലും ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണിത്. പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. കുന്നംഭാഗത്ത് വർഷം മുഴുവനും ജലലഭ്യതയുള്ള രണ്ടു കുളങ്ങളിൽ നിന്നാണ് ഇതിനാവശ്യമുള്ള ജലം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ വർഷം മുഴുവൻ മൈക്രോ ഇറിഗേഷന് ആവശ്യമുള്ള ജലം ഉറപ്പാക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ കർഷകർക്കും കൃഷിയിടങ്ങൾക്കും സഹായകമാകുന്ന വിധത്തിൽ സാമൂഹ്യ സൂക്ഷ്‌മ ജലസേചന പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ ജലവിതരണ സംവിധാനങ്ങൾ ഉണ്ടെങ്കിൽ കാർഷികമേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയും. ആ കാഴ്‌ചപ്പാട് ഉയർത്തിപ്പിടിച്ചാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം മൈക്രോ ഇറിഗേഷൻ പ്രോജക്ടുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.