
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്നും ലോകായുക്തയിൽ നാലു കേസ് വന്നപ്പോൾ ഓർഡിനൻസിറക്കി നിയമഭേദഗതി വരുത്തി ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുത്തെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ അഴിമതിവിരുദ്ധ സംവിധാനങ്ങളെല്ലാം ദുർബലമാക്കിയെന്നും ഇഷ്ടക്കാരെ സംരക്ഷിക്കാൻ നിയമം ഭേദഗതി ചെയ്തെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന ന്യായം പറഞ്ഞ് ഭൂപരിഷ്കരണ നിയമം ഇല്ലാതാക്കുമോ? നിയമസഭ പാസാക്കിയ നിയമം ഭര ണഘടനാവിരുദ്ധമാണെന്ന് കോടതിക്കേ വിധിക്കാനാവൂ. ഭേദഗതി വരുംമുൻപ് മന്ത്രി രാജീവ് ഇക്കാര്യം പറഞ്ഞത് നിയമവിരുദ്ധമാണ്. മുൻമന്ത്രി കെ.ടി.ജലീൽ ഒരാഴ്ച ലോകായുക്തയ്ക്കെതിരെ വ്യക്തിപരമായ ആക്ഷേപം ചൊരിഞ്ഞത് മുഖ്യമന്ത്രിയുടെയും പാർട്ടിയു ടെയും പൂർണ അനുമതിയോടെയാണെന്നും സതീശൻ പറഞ്ഞു.
2019ൽ, കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യമെന്നു പറഞ്ഞ് ലോകായുക്തയെ പ്രകീർത്തിച്ച മുഖ്യമന്ത്റി പിണറായി വിജയൻ, മന്ത്റിമാരിൽ ഒരാൾക്കു കടി കിട്ടിയതോടെ ലോകായുക്തയുടെ പല്ലും നഖവും പിഴതെടുത്തെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഭേദഗതി ചെയ്തത് ലോകത്ത്
എവിടെയുമില്ലാത്ത വ്യവസ്ഥ: മന്ത്രി രാജീവ്
സ്റ്റാറ്റ്യൂട്ടറി അധികാരം മാത്രമുള്ള ലോകായുക്തയ്ക്ക് ഭരണഘടനാപരമായ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാ ണ് ഒഴിവാക്കിയതെന്നും ശുപാർശ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥ ലോകത്തെവിടെയുമില്ലെന്നും മന്ത്രി പി.രാജീവ് പ്രതിപക്ഷത്തിന് മറുപടി നൽകി. നിയമസഭയ്ക്ക് ഏതുസമയത് തും നിയമങ്ങൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കാം. ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്തുകളഞ്ഞിട്ടില്ല. ഭേദഗതി നിയമപരമായി നിലനിൽക്കുമെന്ന് എല്ലാ നിയമപരിശോധനകൾക്കും ശേഷം ഗവർണർ വ്യക്തമാക്കിയതാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം വിനിയോഗിച്ചാണ് ഓർഡിനൻസിറക്കിയതെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐയ്ക്ക് മൗനം
ജലീലിന് പ്രതിഷേധം
ലോകായുക്ത നിയമഭേദഗതി ഘടകകക്ഷിയായ സി.പി.ഐയേയും കാനം രാജേന്ദ്രനെയുമാണ് ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്ന പ്രതിപക്ഷ പരാമർശത്തോട് സി.പി.ഐ മന്ത്രിമാരടക്കം സഭയിൽ മൗനം പാലിച്ചു. മുഖ്യമന്ത്റിയും ഒന്നും മിണ്ടിയില്ല. ലോകായുക്തയ്ക്കെതിരെ ആരോപണം ഉന്നയിച്ച കെ.ടി. ജലീലിനെതിരെ പ്രതിപക്ഷം തിരിഞ്ഞപ്പോൾ എതിർപ്പുമായി ജലീൽ രംഗത്തെത്തിയത് അൽപ്പസമയം വാക്കേറ്റത്തിന് ഇടയാക്കി. എന്നാൽ ജലീലിനു പിന്തുണയുമായി ഇടത് അംഗങ്ങൾ എഴുന്നേൽക്കാതിരുന്നതും ശ്രദ്ധേയമായി.