വക്കം: വക്കത്ത് പൊതു ശ്മശാനം വേണമെന്നാവശ്യം ശക്തം. വലിപ്പത്തിൽ ചെറുതും ജനസാന്ദ്രത കൂടിയതുമായ വക്കം ഗ്രാമ പഞ്ചായത്തിൽ പകുതിയിലധികം കടുംബങ്ങൾ താമസിക്കുന്നത് അഞ്ച് സെന്റിന് താഴെയുള്ള വസ്തുവിലാണ്. കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ സംസ്ക്കാര ചടങ്ങുകൾക്ക് ഏറെ ബുദ്ധിമുട്ടാണിവിടെ. പലരും വീടിനോട് ചേർന്നോ, വീട് പൊളിച്ചോ ഒക്കെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ഇത് പലപ്പോഴും വീട്ടുകാർക്കും അയൽക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ഇപ്പോൾ കിളിമാനൂരിലും, ആറ്റിങ്ങലിലുമാണ് പൊതുശ്മശാനമുള്ളത്. വക്കത്ത് ശ്മശാനം വന്നാൽ അത് സമീപ പഞ്ചായത്തുകളായ കടയ്ക്കാവൂർ, ചെറുന്നിയൂർ, മണമ്പൂർ, അഞ്ചുതെങ്ങ് തുടങ്ങിയ പഞ്ചായത്തുകൾക്കും ഗുണകരമായിരിക്കും.