chennithala

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ശൂന്യവേളയിൽ പരിഗണിച്ചപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.

ചോദ്യോത്തര വേളയിൽ സഭയിലുണ്ടായിരുന്ന ചെന്നിത്തല ശൂന്യവേള തുടങ്ങും മുൻപാണ് സഭവിട്ടത്. ചെന്നിത്തലയുടെ അഭാവം മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം മറുപടി നൽകിയില്ല. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ സഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്നു ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചതിനെ കോൺഗ്രസ് സംസ്ഥാന നേതൃത്വം ചോദ്യം ചെയ്തിരുന്നു.

നിരാകരണ പ്രമേയമായി കൊണ്ടു വരേണ്ട വിഷയം അടിയന്തര പ്രമേയ നോട്ടീസായി പരിഗണിച്ചപ്പോൾ, ഒരാൾ മാത്രം സഭയിൽ ഇല്ലാത്തത് പ്രതിപക്ഷത്ത് ഇതുസംബന്ധിച്ച ഭിന്നതയാണ് വ്യക്തമാക്കുന്നതെന്നു മന്ത്റി രാജീവ് പറഞ്ഞു. നിരാകരണ പ്രമേയം കൊണ്ടുവരാനിരുന്നയാളെ തള്ളാനല്ലേ നിങ്ങൾ ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. നിങ്ങളുടെ തർക്കം ആദ്യം തീർക്കൂവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, സി.പി.ഐ അംഗങ്ങളെയും കാനത്തെയും ഭേദഗതി ഓർഡിനൻസിനെക്കുറിച്ച് ബോദ്ധ്യപ്പെടുത്താനായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെതിരെ ബിൽ അവതരണ വേളയിൽ നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിക്രമമെന്ന് സ്‌പീക്കർ എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.