perunguzhi

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ യാത്രാക്ലേശത്താൽ നട്ടംതിരിയുന്നു. പാസഞ്ചർ ട്രെയിനുകളും മെമ്മുവുമാണ് ഇവിടത്തെ യാത്രക്കാർക്ക് ആശ്വാസമായിരുന്നത്. സ്കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങാത്തത് ഈ സ്റ്റേഷനിലെ നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

സ്റ്റേഷനിൽ ഈ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഴൂർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി.

കൊവിഡ് വ്യാപനം കുറ‌ഞ്ഞ് സാധാരണ നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോഴും പാസഞ്ചർ ട്രെയിനുകൾക്ക് അയിത്തം കല്പിക്കുന്നത് യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്ത ഗേറ്റും പെരുങ്ങുഴി റെയിൽവേ ഗേറ്റാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികളും നിവേദനങ്ങളും റെയിൽവേ അധികൃതർക്ക് നൽകിയെങ്കിലും വെള്ളത്തിൽ വരച്ച വരപോലെ ഇതുവരെ എങ്ങുമെത്തിയില്ല.